25 വിവാഹം കഴിച്ച 23കാരി അറസ്റ്റില്‍; വിവാഹതട്ടിപ്പ് സംഘത്തിലെ അംഗമെന്ന് പോലിസ്

Update: 2025-05-21 03:14 GMT

ജയ്പൂര്‍: നിരവധി യുവാക്കളെ വിവാഹം കഴിച്ച് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ഭോപ്പാല്‍ സ്വദേശിനിയായ അനുരാധ പാസ്വാന്‍ എന്ന 23കാരിയാണ് അറസ്റ്റിലായത്. വിവാഹതട്ടിപ്പ് സംഘത്തിലെ അംഗമാണ് ഇവരെന്നും ഇതുവരെ 25 വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

ഓരോ തട്ടിപ്പിന് ശേഷവും അനുരാധയും സംഘവും മറ്റൊരു നഗരത്തിലേക്ക് മാറുമായിരുന്നു എന്ന് പോലിസ് പറയുന്നു. അനുരാധ ദരിദ്ര കുടുംബത്തിലെ അംഗമാണെന്നും തൊഴില്‍ രഹിതനായ സഹോദരനാണ് ആകെയുള്ളതെന്നുമാണ് സംഘം പ്രചരിപ്പിക്കുക. ഈ സംഘത്തില്‍ തന്നെയുള്ളവര്‍ ബ്രോക്കറും ജ്യോല്‍സ്യനുമായും അഭിനയിക്കും. ഏതെങ്കിലും യുവാവ് വലയില്‍ വീണാല്‍ അയാളെ വിവാഹം കഴിക്കും. യുവാവിന്റെ വീട്ടില്‍ നല്ല മരുമകളായി ഏതാനും ദിവസം നിന്ന ശേഷം ഭക്ഷണത്തില്‍ ലഹരിവസ്തു കലര്‍ത്തി എല്ലാവരെയും മയക്കിയ ശേഷമാണ് മോഷണം നടത്തുക.

ഏപ്രില്‍ 20ന് അനുരാധയെ വിവാഹം കഴിച്ച വിഷ്ണുശര്‍മ എന്ന യുവാവ് സവായ് മധോപൂര്‍ പോലിസില്‍ നല്‍കിയ പരാതിയാണ് തട്ടിപ്പ് പുറത്തുവരാന്‍ കാരണമായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ബ്രോക്കറായ പപ്പു മീണയാണ് ഈ വിവാഹത്തിന് കാരണമായത്. അയാള്‍ക്ക് രണ്ടുലക്ഷം രൂപ ഫീസായി നല്‍കേണ്ടിയും വന്നു. എന്നാല്‍, വിവാഹം കഴിഞ്ഞ് രണ്ടാഴ്ച ആവുമ്പോഴേക്കും അനുരാധ മുങ്ങി. 1.25 ലക്ഷം രൂപയുടെ ആഭരണങ്ങളും 30,000 രൂപയും എടുത്താണ് മുങ്ങിയത്. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. ഒരു പോലിസ് കോണ്‍സ്റ്റബിള്‍ വേഷം മാറി തട്ടിപ്പ് സംഘത്തെ പരിചയപ്പെട്ടു. ഒരു പെണ്‍കുട്ടിയുണ്ടെന്ന് പറഞ്ഞ് സംഘം അനുരാധയുടെ ചിത്രം കാണിച്ചു. ഈ കുട്ടിയെ വിവാഹം കഴിക്കാമെന്ന് കോണ്‍സ്റ്റബിള്‍ സമ്മതിച്ചു. അങ്ങനെ വിവാഹദിവസമാണ് അനുരാധ പിടിയിലായത്.