ഗസയില്‍ റെയ്ച്ചല്‍ കൊറി കൊല്ലപ്പെട്ടിട്ട് 22 വര്‍ഷം (PHOTOS-VIDEOS)

Update: 2025-03-16 15:37 GMT

ഗസ: അമേരിക്കന്‍ സമാധാനപ്രവര്‍ത്തകയായ റെയ്ച്ചല്‍ കൊറിയെ ഇസ്രായേലികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയിട്ട് 22 വര്‍ഷം. ഗസയിലെ റഫയിലെ ഫലസ്തീനികളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇസ്രായേലികള്‍ പൊളിക്കുന്നത് തടയാന്‍ ശ്രമിച്ച റെയ്ച്ചല്‍ കൊറി 2003 മാര്‍ച്ച് 16നാണ് കൊല്ലപ്പെട്ടത്. കാറ്റര്‍ പില്ലര്‍ കമ്പനിയുടെ ബുള്‍ഡോസര്‍ കൊണ്ടാണ് റെയ്ച്ചല്‍ കൊറിയെ ഇസ്രായേലികള്‍ കൊലപ്പെടുത്തിയത്.

യുഎസിലെ വാഷിങ്ടണിലെ ഒളിമ്പിയ സ്വദേശിയായ റെയ്ച്ചല്‍ കൊറി അന്താരാഷ്ട്ര വളണ്ടിയര്‍ ആയാണ്‌ ഗസയില്‍ എത്തിയത്.റഫയെ കുറിച്ച് ഒരു പഠനപദ്ധതിയും റെയ്ച്ചലിന് തയ്യാറാക്കാനുണ്ടായിരുന്നു.


നസറല്ല എന്നയാളുടെ കുടുംബത്തിനൊപ്പമായിരുന്നു താമസം. റഫയിലെ നിരവധി വീടുകള്‍ തകര്‍ത്ത ഇസ്രായേലികള്‍ പ്രദേശത്തെ മറ്റൊരു വീട് തകര്‍ക്കാന്‍ എത്തിയപ്പോഴാണ് റെയ്ച്ചല്‍ കൊറി ബുള്‍ഡോസറിന് മുന്നില്‍ കയറി നിന്നത്. ഫഌറസെന്റ് വെസ്റ്റ് ധരിച്ച റെയ്ച്ചല്‍ സ്പീക്കറിലുടെ സംസാരിക്കുകയും ചെയ്തു. ഇത് കേട്ട് ഇസ്രായേലികള്‍ അതിക്രമം നിര്‍ത്തുമെന്നാണ് റെയ്ച്ചല്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ബുള്‍ഡോസര്‍ റെയ്ച്ചലിന്റെ ശരീരത്തിലൂടെ കയറ്റി ഇറക്കുകയാണ് ഡ്രൈവര്‍ ചെയ്തത്.


കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഗസയില്‍ നിന്ന് റെയ്ച്ചല്‍ യുഎസിലേക്ക് അയച്ച കത്തിലെ ചിലഭാഗങ്ങള്‍ പിന്നീട് പുറത്തുവന്നു. ''ഫലസ്തീനെ കുറിച്ച് എത്രയൊക്കെ വായിച്ചാലും സമ്മേളനങ്ങളില്‍ പങ്കെടുത്താലും ഡോക്യുമെന്ററികള്‍ കണ്ടാലും കഥകള്‍ കേട്ടാലും ഇവിടത്തെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.''-കത്ത് പറയുന്നു.