ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത് 21 ഇന്ത്യന്‍ ചരക്കു കപ്പലുകളും ടാങ്കറുകളും
ന്യൂഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത് 21 ഇന്ത്യന്‍ ചരക്കു കപ്പലുകളും ടാങ്കറുകളും. ഇവയിലെല്ലാമായി 611 ഇന്ത്യന്‍ ജീവനക്കാരുണ്ട്. ഈ കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഹോര്‍മുസ് കടലിടുക്ക് വഴി വരുന്നതിന് ഇറാന്റെ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യ. നേരത്തെ 2 എല്‍പിജി ടാങ്കറുകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു, ഇറാനുള്ള മാനുഷിക പരിഗണന എന്ന നിലയ്ക്ക് ഇറാനിയന്‍ റെഡ് ക്രസന്റിന് ഇന്നലെ സര്‍ക്കാര്‍ മരുന്നുകള്‍ കൈമാറിയിരുന്നു. ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെത്തിച്ച മരുന്നുകള്‍ ഇറാന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കൊണ്ടുപോയ ശേഷം റോഡ് മാര്‍ഗം റെഡ് ക്രസന്റ് ഇറാനിലെത്തിക്കാനാണ് സാധ്യത.
ഇറാന്‍ തീരത്തുള്ള ഇന്ത്യന്‍ എണ്ണ ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അനുവാദത്തിന് ചര്‍ച്ചകള്‍ സജീവമാക്കി ഇന്ത്യ. രണ്ടു കപ്പലുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും കൂടുതല്‍ കപ്പലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടങ്ങിയത്. അതിനിടെ, ഇന്ത്യ മരുന്നുകള്‍ കൈമാറിയതിന് ഇറാന്‍ സര്‍ക്കാര്‍ നന്ദി അറിയിച്ചു.
അതിനിടെ, രാജ്യത്തെ എല്‍പിജി ലഭ്യത ആശങ്കയായി തുടരുന്നെങ്കിലും ഇന്ത്യക്കുള്ളിലെ ഉല്‍പാദനം 40 ശതമാനം കൂട്ടാനായത് ആശ്വാസമാണെന്ന് സര്‍ക്കാര്‍ പറയുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണം കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പിഎന്‍ജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് തല്‍കാലം കേന്ദ്ര കോട്ടയില്‍നിന്നും പത്ത് ശതമാനം എല്‍പിജി അധികമായി നല്‍കും.
