ആള്‍ക്കൂട്ട ആക്രമണങ്ങള്‍ 2025ല്‍ വര്‍ധിച്ചു; 95 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍
ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചെന്നും അവയില്‍ 95 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമാണെന്ന് റിപോര്‍ട്ട്. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്യുലറിസത്തിന്റെ 2025ലെ റിപോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2025 നവംബര്‍ വരെ എട്ടു പേരാണ് കൊല്ലപ്പെട്ടതെന്നും 14 പേര്‍ക്ക് പരിക്കേറ്റെന്നും റിപോര്‍ട്ട് പറയുന്നു. പശുക്കശാപ്പ്, ലവ് ജിഹാദ്, മോഷണം, പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കല്‍, ജയ് ശ്രീരാം വിളിക്കാതിരിക്കല്‍ എന്നീ വാദങ്ങളാണ് അക്രമികള്‍ ഉയര്‍ത്തിയത്. കര്‍ണാടകത്തിലെ കുഡുപ്പുവില്‍ മലയാളിയായ അഷ്‌റഫിനെ തല്ലിക്കൊല്ലാന്‍ അക്രമികള്‍ ഉപയോഗിച്ചത് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന ആരോപണമാണെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
2025ല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വലിയ വര്‍ധനയുണ്ടായെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2025 നവംബര്‍ വരെ ക്രിസ്ത്യാനികള്‍ക്കെതിരേ 706 അതിക്രമങ്ങള്‍ നടന്നതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കുകള്‍ പറയുന്നത്. മതപരിവര്‍ത്തനം തടയല്‍ എന്ന വാദമാണ് അക്രമികള്‍ പ്രധാനമായും ഉപയോഗിച്ചത്. ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികളുടെ മൃതദേഹം മറവ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.