''ദണ്ഡകളുമായി കലാപം നടത്തി'' ഡല്‍ഹിയില്‍ മുസ്‌ലിം യുവാവിന്റെ കട കത്തിച്ച ആറു പേര്‍ കുറ്റക്കാര്‍

Update: 2025-09-19 12:40 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020ല്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തീയിട്ട നശിപ്പിച്ച കേസില്‍ ആറു പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഹരി ഓം ഗുപ്ത, ബസന്ത് കുമാര്‍ മിശ്ര, ഗോരഖ് നാഥ്, രോഹിത് ഗൗതം, കപില്‍ പാണ്ഡെ, ഭീം സെയ്ന്‍ എന്നിവരാണ് കുറ്റക്കാര്‍. ഇവര്‍ക്കുള്ള ശിക്ഷ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രവീണ്‍ സിങ് വിധിക്കും. 2020 ഫെബ്രുവരി 25ന് രാത്രി 11-11.30 സമയത്താണ് പ്രതികള്‍ കടയുടെ പൂട്ടുപൊളിക്കുകയും തകര്‍ക്കുകയും തീയിടുകയും ചെയ്തത്. പ്രതികള്‍ ഈ കുറ്റങ്ങള്‍ ചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞെന്ന് ജഡ്ജി പ്രവീണ്‍ സിങ് പറഞ്ഞു. '' പ്രതികള്‍ ലാത്തികളും ദണ്ഡുകളും ഉപയോഗിച്ചിരുന്നു, അവര്‍ അത് ഉപയോഗിക്കുന്നതോടെ അവ മാരകായുധമാവുന്നു. അതിനാല്‍ മാരകായുധങ്ങളുള്ള സായുധ ആള്‍ക്കൂട്ടം കലാപം നടത്തിയിരിക്കുന്നു.''-ജഡ്ജി വിശദീകരിച്ചു. കലാപം, തീവയ്്പ്, പ്രശ്‌നങ്ങള്‍ എന്നിവ സൃഷ്ടിക്കാന്‍ പ്രതികള്‍ പൊതുലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളുടെ പൗരത്വം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് സമരം ചെയ്യുന്നവര്‍ക്കെതിരേ ഹിന്ദുത്വര്‍ നടത്തിയ അക്രമമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് കാരണമായത്. ഈ കലാപത്തിനിടെയാണ് ഹിന്ദുത്വ സംഘം മുഹമ്മദ് വക്കീല്‍ എന്ന യുവാവിന്റെ കടയ്ക്ക് തീയിട്ടത്. കട ഉടമയായ യുവാവ് നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. കേസിലെ ദൃക്‌സാക്ഷിയായ ഹെഡ് കോണ്‍സ്റ്റബിള്‍ സന്ദീപിനെ പ്രതിഭാഗം കടുത്ത രീതിയില്‍ ക്രോസ് വിസ്താരം നടത്തിയെങ്കിലും കേസ് പൊളിക്കാനായില്ല.