ഡല്‍ഹിയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനം കൊള്ളയടിച്ച് തീയിട്ട കേസിലെ പ്രതികളെ വെറുതെവിട്ടു

Update: 2025-05-17 14:42 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടക്കുന്ന കാലത്ത് മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് തീയിട്ട കേസിലെ പ്രതികളെ വെറുതെവിട്ടു. ഗോകുല്‍പുരിയില്‍ മുഹമ്മദ് ഇമ്രാന്‍ ശെയ്ഖ് എന്ന യുവാവ് നടത്തുന്ന ക്രൗണ്‍ മെഡിക്കോസ് എന്ന സ്ഥാപനം കൊള്ളയടിച്ച് തീയിട്ട കേസിലെ പ്രതികളായ 11 പേരെയാണ് കാര്‍ക്കദൂമ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പുലസ്ത്യ പ്രമാചല വെറുതെവിട്ടത്. അങ്കിത് ചൗധരി, സുമിത് പപ്പു, വിജയ്, അശിഷ് കുമാര്‍, സൗരഭ് കൗശിക്, ഭൂപേന്ദര്‍, ശക്തി സിങ്, സച്ചിന്‍ കുമാര്‍, രാഹുല്‍, യോഗേഷ് എന്നിവരെയാണ് തെളിവുകളില്ലെന്ന് പറഞ്ഞ് വെറുതെവിട്ടത്.


ക്രൗണ്‍ മെഡിക്കോസ് അക്രമികള്‍ കൊള്ളയടിച്ചതും തീയിട്ടതും സത്യമാണെന്ന് കോടതി പറഞ്ഞു. മുഹമ്മദ് ഇമ്രാന്‍ ശെയ്ഖിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. പക്ഷേ, ഇവര്‍ ആക്രമണം നടത്തുന്നത് കണ്ട പോലിസുകാര്‍ പത്തുമാസം കഴിഞ്ഞാണ് മൊഴി നല്‍കിയത്. ഇത് സംശയാസ്പദമാണെന്ന് കോടതി പറഞ്ഞു. ഇത്രയും കാലം പോലിസുകാര്‍ മൗനം പാലിച്ചത് ദുരൂഹമാണ്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിക്കാനാവില്ല. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളുടെ വെറുതെവിടുകയാണെന്ന് കോടതി ഉത്തരവിട്ടു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന സമരത്തിനെതിരെ ഹിന്ദുത്വര്‍ നടത്തിയ ആക്രമണമാണ് 2020 ഫെബ്രുവരി 24 മുതല്‍ 26 വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന് കാരണമായത്. 53 പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 700ല്‍ അധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലെ പ്രതികളായ ഹിന്ദുത്വരെ കോടതികള്‍ വെറുതെവിട്ടു കൊണ്ടിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്യുന്നത് മുതലുള്ള വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതികള്‍ പ്രതികളെ വെറുതെവിടുന്നത്. എന്നാല്‍, ഇത് വീഴ്ച്ചകളല്ലെന്നാണ് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.