മുംബൈ: മലേഗാവ് സ്‌ഫോടനത്തില്‍ ഹിന്ദുത്വരെ വെറുതെവിട്ടതിനെതിരേ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ബിജെപി മുന്‍ എംപി പ്രഗ്യാ സിങ് താക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ കൊല്ലപ്പെട്ട ആറുപേരുടെ ബന്ധുക്കളാണ് അപ്പീല്‍ ഫയല്‍ ചെയ്തത്. അന്വേഷണത്തിലെ പാകപ്പിഴവുകള്‍ കൊണ്ടുമാത്രം പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി തെറ്റാണെന്ന് അപ്പീല്‍ ഹരജിക്കാര്‍ വാദിക്കുന്നു. സെപ്റ്റംബര്‍ 15ന് ഹരജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണയില്‍ എത്തും. തന്റെ മുന്നില്‍ എത്തിയ തെളിവുകള്‍ പരിശോധിച്ച് പോസ്‌റ്റോഫിസ് പോലെ ഒരു വിധി പുറപ്പെടുവിക്കുകയാണ് വിചാരണക്കോടതി ചെയ്തതെന്ന് അപ്പീല്‍ വാദിക്കുന്നു. കേസിലെ പ്രതികളെ വെറുതെവിടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന മുന്‍ പ്രോസിക്യൂട്ടര്‍ രോഹിണി സൈലാന്റെ വെളിപ്പെടുത്തലും അപ്പീലില്‍ ചേര്‍ത്തിട്ടുണ്ട്.2008 സെപ്റ്റംബര്‍ 29നാണ് മലേഗാവിലെ മസ്ജിദിന് സമീപം സ്‌ഫോടനം നടന്നത്. ആറു പേര്‍ കൊല്ലപ്പെടുകയും 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.