യുഎസില്‍ രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു; പിന്നില്‍ ആര്യന്‍ നാഷന്‍സ് എന്ന് സംശയം
ഐഡഹോ: യുഎസിലെ ഐഡഹോയില്‍ രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സ്‌നൈപ്പര്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചു കൊന്നു. കെയിന്‍ഫീല്‍ മലയിലെ കോയര്‍ ഡി എലീന്‍ എന്ന ടൂറിസ്റ്റ് പ്രദേശത്തെ തീ അണയ്ക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെയാണ് ചിലര്‍ പതിയിരുന്ന് ആക്രമിച്ചത്. ഉടന്‍ തന്നെ പ്രത്യേക പോലിസ് സംഘം സ്ഥലത്തെത്തി കൊലയാളി സംഘവുമായി ഏറ്റുമുട്ടി. പ്രദേശത്ത് നിന്നും ഒരു സ്‌നൈപ്പര്‍ തോക്കും മൃതദേഹവും കണ്ടെത്തിയതായി പോലിസ് അറിയിച്ചു.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീയണക്കുന്ന സമയത്താണ് വെടിവയ്പ്പുണ്ടായതെന്ന് പോലിസ് അറിയിച്ചു. രണ്ടു പേര്‍ ഉടന്‍ തന്നെ മരിച്ചു. തുടര്‍ന്ന് ബാക്കിയുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. കരുതിക്കൂട്ടി തീയിട്ട ശേഷം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് കൊണ്ടുവരുകയായിരുന്നു എന്നാണ് അനുമാനം.
ആക്രമണത്തിന് പിന്നില്‍ ആര്യന്‍ നാഷന്‍സ് എന്ന വെള്ള വംശീയവാദി ഗ്രൂപ്പാണെന്ന് സംശയമുണ്ട്.
2001 ജൂണ്‍ 29ന് ഐഡഹോയിലെ ഹേയ്ഡന്‍ ലേക്കിലെ ആര്യന്‍ നാഷന്‍സിന്റെ പരിശീലന ക്യാംപ് പൊളിച്ച് തീയിട്ടിരുന്നു. ഈ പ്രദേശത്ത് നിന്ന് ഏതാനും മൈലുകള്‍ മാത്രമാണ് ഇപ്പോള്‍ ആക്രമണം നടന്ന സ്ഥലം. ആ സംഭവത്തിന്റെ 24ാം വാര്‍ഷികത്തിലാണ് ആക്രമണം നടന്നിരിക്കുന്നതും.
