മുടി മാറ്റിവയ്ക്കലിന് വിധേയരായ രണ്ടു പേര്‍ മരിച്ച സംഭവം: ദന്ത ഡോക്ടര്‍ കീഴടങ്ങി
കാണ്‍പൂര്‍: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് പിഴച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ച കേസിലെ പ്രതിയായ ദന്ത ഡോക്ടര്‍ കോടതിയില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ എംപയര്‍ ക്ലിനിക്കിന്റെ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ റിമാന്‍ഡ് ചെയ്തതായി കാകദേവ് പോലിസ് അറിയിച്ചു.
മുടിമാറ്റിവയ്ക്കലിന് വിധേയരായ വിനീത് ദുബെ, മയാങ്ക് എന്നിവരാണ് മരിച്ചത്.
മാര്‍ച്ച് 13നാണ് എഞ്ചിനീയറായ വിനീത് ദുബെ സ്ഥാപനത്തില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പോയത്. പക്ഷേ, മുഖത്ത് നീരുവന്നു. കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ വിനീത് ദുബെയുടെ ഭാര്യ ജയ പോലിസില്‍ പരാതി നല്‍കി. ഇതിന്റെ വാര്‍ത്ത വന്നതിന് പിന്നാലെ കുശാഗ്ര കത്തിയാര്‍ എന്നയാളും പോലിസില്‍ പരാതി നല്‍കി. നവംബര്‍ 18ന് ഇതേ സ്ഥാപനത്തില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത തന്റെ സഹോദരന്‍ മയാങ്കും സമാനമായ പ്രശ്‌നങ്ങളാല്‍ മരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.