ഉത്തരാഖണ്ഡിലെ വഖ്ഫ് ബോര്‍ഡ് മദ്‌റസകളില്‍ രാമന്റെയും കൃഷ്ണന്റെയും കഥകള്‍ പഠിപ്പിക്കണമെന്ന് ഉത്തരവ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡിന് കീഴിലുള്ള മദ്‌റസകളില്‍ ഹിന്ദു ദൈവങ്ങളായ രാമന്റെയും കൃഷ്ണന്റെയും ആദര്‍ശങ്ങള്‍ പഠിപ്പിക്കണമെന്ന് ഉത്തരവ്. ഇനി മുതല്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കുട്ടികളെ മദ്‌റസകള്‍ സ്വീകരിക്കരുതെന്നും വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ് പറയുന്നു. ദേശീയഗാനത്തോടെയായിരിക്കും മദ്‌റസകളിലെ പഠനം ആരംഭിക്കേണ്ടത്.
രാജ്യത്തിന്റെ മൂല്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനാണ് രാമന്റെയും കൃഷ്ണന്റെയും ആശയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാംസ് പറഞ്ഞു. കുട്ടികളെ കണ്ണുതുറപ്പിച്ച് നല്ല പൗരന്‍മാരാക്കി മാറ്റും. പാക് അധീന കശ്മീരിലെ മദ്‌റസകള്‍ തീവ്രവാദം പഠിപ്പിക്കുകയാണെന്ന് ആരോപിച്ച ചെയര്‍മാന്‍ ഉത്തരാഖണ്ഡിലെ മദ്‌റസകള്‍ ദേശസ്‌നേഹം പഠിപ്പിക്കുമെന്നും പറഞ്ഞു. ധാമി മോഡലാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാവിലെ എട്ടു മുതല്‍ 12 വരെ ശാസ്ത്രം പഠിപ്പിക്കും. ഖുറാന്‍ പഠനം ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മാത്രമായിരിക്കും. മുന്‍ സൈനികരാണ് കുട്ടികളെ ദേശീയഗാനം പഠിപ്പിക്കുക. കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്താന്‍ വേണ്ട നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ മുസ്‌ലിം പ്രദേശത്ത് ഏപ്രിലില്‍ എപിജെ അബ്ദുല്‍കലാം മോഡേണ്‍ മദ്‌റസ ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും പറഞ്ഞു.
ഡെറാഡൂണിലെ 11 മദ്‌റസകള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ സീല്‍ ചെയ്തിരുന്നു. സംസ്ഥാന മദ്‌റസാ ബോര്‍ഡിലോ വിദ്യഭ്യാസ ബോര്‍ഡിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ, ദാറുല്‍ ഉലൂം ദയൂബന്ദ് തുടങ്ങിയവരുടെ കരിക്കുലം പഠിപ്പിക്കുന്ന മദ്‌റസകളും നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
