മോദിനഗര്‍ ബസ് സ്‌ഫോടനക്കേസ്: കുറ്റാരോപിതനെ 29 വര്‍ഷത്തിന് ശേഷം വെറുതെവിട്ടു

Update: 2025-11-19 06:07 GMT

അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 1996ല്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത മുസ്‌ലിം യുവാവിനെ ഹൈക്കോടതി വെറുതെവിട്ടു. മൊറാദാബാദ് സ്വദേശിയായ മുഹമ്മദ് ഇല്യാസിനെയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ വെറുതെവിട്ടത്. കേസില്‍ ഇല്യാസിന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ തെളിവുകള്‍ ഇല്ലെന്നും കസ്റ്റഡിയില്‍ ഇരിക്കെ നല്‍കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷിക്കാനായി വിചാരണക്കോടതി ഉപയോഗിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 18 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് ശരിയായ അന്വേഷണം നടത്തിയില്ലെന്നും അത് വേദനാജനകമാണെന്നും 51 പേജുള്ള വിധിയില്‍ കോടതി വിലപിച്ചു.

1996 ഏപ്രില്‍ 27ന് ഉച്ചതിരിഞ്ഞ് 3.55നാണ് സ്‌ഫോടനം നടന്ന ബസ് ഡല്‍ഹി ബസ് ഡിപ്പോയില്‍ നിന്നും പുറപ്പെട്ടതെന്ന് എഫ്‌ഐആര്‍ പറയുന്നു. 53 പേരാണ് ബസിലുണ്ടായിരുന്നത്. പിന്നീട് മോഹന്‍ നഗറില്‍ നിന്നും 14 പേര്‍ കൂടെ കയറി. വൈകീട്ട് അഞ്ച് മണിയോടെ ബസ് ഗാസിയാബാദിലെ മോദിനഗര്‍ പോലിസ് സ്‌റ്റേഷന് സമീപം എത്തിയപ്പോള്‍ സ്‌ഫോടനം നടന്നു. പത്തുപേര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എട്ടുപേര്‍ ചികില്‍സയിലിരിക്കെ മരിച്ചു.

ഡ്രൈവറുടെ സീറ്റിന് അടിയില്‍ സ്ഥാപിച്ച ബോംബില്‍ ആര്‍ഡിഎക്‌സും കാര്‍ബണും ചേര്‍ത്ത മിശ്രിതമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. പാകിസ്താന്‍ പൗരനും കശ്മീരിലെ ഹര്‍ക്കത്തുല്‍ അന്‍സാര്‍ സംഘടനയുടെ നേതാവുമായ അബ്ദുല്‍ മത്തീനാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് പോലിസ് അവകാശപ്പെട്ടു. മുഹമ്മദ് ഇല്യാസും തസ്‌ലീം എന്നയാളും ഇതില്‍ പങ്കു ചേര്‍ന്നെന്നും പോലിസ് അവകാശപ്പെട്ടു. 2013ല്‍ വിചാരണക്കോടതി തസ്‌ലീമിനെ വെറുതെവിട്ടു. എന്നാല്‍, അബ്ദുല്‍ മത്തീനെയും ഇല്യാസിനെയും ജീവപര്യന്തം തടവിനും ശിക്ഷിച്ചു. തസ്‌ലീമിനെ വെറുതെവിട്ടതില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. അബ്ദുല്‍ മത്തീന്‍ അപ്പീല്‍ നല്‍കിയോ എന്ന് വ്യക്തമല്ല. അതിനാല്‍ ഇല്യാസിന്റെ അപ്പീല്‍ മാത്രമാണ് ഹൈക്കോടതി പരിഗണിച്ചത്.

പോലിസ് കസ്റ്റഡിയില്‍ ഇരിക്കെ ഇല്യാസ് നല്‍കിയ കുറ്റസമ്മത മൊഴിയുടെ വിശ്വാസ്യതയാണ് ഹൈക്കോടതി പ്രധാനമായും പരിശോധിച്ചത്. ഈ കുറ്റസമ്മത മൊഴി റെക്കോര്‍ഡ് ചെയ്ത് കാസറ്റിലാക്കിയിരുന്നു. ഇല്യാസ് പോലിസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് ഈ മൊഴി റെക്കോര്‍ഡ് ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബസിലുണ്ടായിരുന്ന യാത്രക്കാരെ വിചാരണക്കോടതി സാക്ഷികളായി പരിശോധിച്ചിരുന്നു. 34 സാക്ഷികള്‍ ഇല്യാസിനെ കണ്ടിട്ടേയില്ല. ഇല്യാസിനെ കണ്ടുവെന്ന് പറഞ്ഞ് പോലിസ് കൊണ്ടുവന്ന സാക്ഷികള്‍ വിചാരണയില്‍ അത് നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇല്യാസിനെ ശിക്ഷിക്കാനാവില്ലെന്ന് ഹൈക്കോടതി വിശദീകരിച്ചു.