'കന്നുകാലി കടത്തുകാരെ' പിന്തുടര്‍ന്ന ഹിന്ദുത്വ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
ഗോരഖ്പൂര്‍: കന്നുകാലി കടത്തുകാരെ പിടിക്കാനെന്ന പേരില്‍ ലോറിയെ പിന്തുടര്‍ന്ന ഹിന്ദുത്വ സംഘത്തിലെ അംഗം വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ഛത്രധാരി ഗ്രാമത്തിലെ ദീപക് ഗുപ്ത എന്ന 19കാരനാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ രണ്ടു ട്രക്കുകള്‍ ഗ്രാമത്തിന് സമീപത്തു കൂടെ പോയപ്പോള്‍ ദീപക് ഗുപ്ത അടക്കമുള്ളവര്‍ അതിനെ പിന്തുടരുകയായിരുന്നു. ഒരു ലോറിയെ പിന്തുടര്‍ന്നു പോയ ദീപക് ഗുപ്തയെ സാരയ്യ ഗ്രാമത്തിന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛത്രധാരി ഗ്രാമത്തില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ റോഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിച്ചു വരുന്നതായി ഗോരഖ്പൂര്‍ എസ്പി രാജ് കരണ്‍ നയ്യാര്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ അഞ്ച് സംഘങ്ങള്‍ രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദുത്വര്‍ പോലിസിന് നേരെയും ആക്രമണം നടത്തി. സ്ഥലത്ത് പ്രൊവിന്‍ഷ്യന്‍ ആംഡ് കോണ്‍സ്റ്റാബുലറിയെ വിന്യസിച്ചു.