നാഗ്പൂര്‍: സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുമായി ബന്ധമുണ്ടെന്ന് ആരോപിച്ച രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ 18 വര്‍ഷത്തിന് ശേഷം എട്ടുപേരെ വെറുതെവിട്ടു. ഷക്കീല്‍ വാര്‍സി, ഷാക്കീര്‍ അഹമദ് നാസിര്‍ അഹമദ്, മുഹമ്മദ് റെഹാന്‍ അത്തല്ലാഖാന്‍, സിയാവുര്‍ റഹ്മാന്‍ മഹ്ബൂബ് ഖാന്‍, വക്കാര്‍ ബെയ്ഗ് യൂസുഫ് ബെയ്ഗ്, ഇംതിയാസ് അഹമദ് നിസാര്‍ അഹമദ്, മുഹമ്മദ് അബ്‌റാര്‍ ആരിഫ് മുഹമ്മദ് ഖാസിം, ശെയ്ഖ് അഹമദ് ശെയ്ഖ് എന്നിവരെയാണ് നാഗ്പൂര്‍ കോടതി വെറുതെവിട്ടത്.
സിമിയ്ക്ക് വേണ്ട രഹസ്യയോഗങ്ങള്‍ നടത്തിയെന്നും ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നുമാരോപിച്ച് 2006ലാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പ്രതികളില്‍ നിന്നും രഹസ്യരേഖകള്‍ പിടിച്ചെടുത്തെന്നുമായിരുന്നു പോലിസിന്റെ ആരോപണം. പോലിസ് സാക്ഷികള്‍ക്ക് പുറമെ വിവരങ്ങള്‍ അറിയുന്ന രഹസ്യസാക്ഷികളെയും പ്രോസിക്യൂഷന്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, ഈ തെളിവുകളൊന്നും വിശ്വസനീയമല്ലെന്ന് നാഗ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കെ ബാങ്കര്‍ പറഞ്ഞു. ''സിമി യോഗത്തില്‍ പങ്കെടുത്തതിന് തെളിവുകളൊന്നുമില്ല. സിമിക്ക് വേണ്ടി പ്രചാരണം നടത്തിയതിനോ സാമ്പത്തിക സമാഹരണം നടത്തിയതിനോ തെളിവുകളില്ല.''-കോടതി വിശദീകരിച്ചു.
സമാനമായ കേസില്‍ 122 പേരെ സൂറത്ത് കോടതി 2021ല്‍ കുറ്റവിമുക്തരാക്കിയിരുന്നു. 2001ല്‍ രജിസ്റ്റര്‍ ചെയ്ത ആ കേസില്‍ 127 പ്രതികളാണുണ്ടായിരുന്നത്. അതില്‍ അഞ്ചുപേര്‍ വിചാരണക്കാലയളവില്‍ മരിച്ചുപോയി.