മീറത്തിലെ 168 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു

Update: 2025-02-22 16:32 GMT

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തിലെ 168 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു. വ്യാഴാഴ്ച പാതിരാത്രിയാണ് പള്ളി പൊളിച്ചുമാറ്റിയത്. നാഷണല്‍ കാപിറ്റല്‍ റീജ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നടപ്പാക്കുന്ന റാപിഡ് റെയില്‍ ആന്‍ഡ് മെട്രോ കോറിഡോര്‍ പദ്ധതികള്‍ക്കായാണ് പള്ളി പൊളിച്ചതെന്ന് അധികൃതര്‍ പറയുന്നു. മീറത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള റോഡിന് സമീപം സ്ഥിതി ചെയ്യുന്ന പള്ളി പ്രദേശത്തെ പ്രധാന ആരാധനാലയമായിരുന്നു.


പള്ളിയിലെ വൈദ്യുതിബന്ധം ഫെബ്രുവരി 20ന് വിഛേദിച്ചിരുന്നു. തുടര്‍ന്ന് കനത്ത പോലിസ് കാവലില്‍ ചുറ്റികയും മറ്റും ഉപയോഗിച്ച് പള്ളിയുടെ ചിലഭാഗങ്ങള്‍ തകര്‍ത്തു. അതിന് ശേഷം രാത്രി 1.30ഓടെ ബുള്‍ഡോസര്‍ കൊണ്ടുവന്നു പള്ളി പൊളിച്ചുകളയുകയായിരുന്നു. 1857 മുതല്‍ ഉള്ള പള്ളിയാണ് ഇതെന്നതിന് രേഖകളുണ്ടെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹിയായ ഹാജി സ്വലാഹുദ്ദീന്‍ പറഞ്ഞു. സംഭവം കടുത്ത അനീതിയാണെന്ന് പ്രദേശവാസിയായ അഡ്വ. ഷേര്‍ അഫ്ഗാന്‍ പറഞ്ഞു. ഇസ്രായേലികള്‍ ഫലസ്തീനികളുടെ വീടുകളും പള്ളികളും തകര്‍ക്കുന്നതു പോലെ യോഗി സര്‍ക്കാര്‍ മുസ്‌ലിംകളുടെ വീടുകളും പള്ളികളും പൊളിക്കുകയാണെന്ന് പ്രദേശവാസിയായ സുല്‍ത്താന്‍ അക്തര്‍ പറഞ്ഞു.