ബീച്ചില്‍ തനിച്ചുനിന്ന 16 കാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചു; രണ്ടു പേര്‍ കൂടി പിടിയില്‍
കോഴിക്കോട്: അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് കൈമാറിയ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിന്‍കാലായില്‍ ഷബീര്‍ അലി (41) എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടി കോഴിക്കോട് നഗരത്തില്‍ എത്തുകയായിരുന്നു. ബീച്ചില്‍ എത്തിയ കുട്ടിയെ പ്രതികള്‍ സ്വകാര്യ കേന്ദ്രത്തില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബീച്ചില്‍ തനിച്ചു കണ്ട പെണ്‍കുട്ടിയെ കാസര്‍കോട് സ്വദേശികളായ ഷമീമും റയീസും പരിചയപ്പെട്ടു. ഭക്ഷണവും താമസസൗകര്യവും നല്‍കാമെന്ന് പറഞ്ഞ് 21 ന് പുലര്‍ച്ചെ രണ്ടു മണിയോടെ ജീപ്പില്‍ കയറ്റി സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിന്റെയും ഷബീര്‍ അലിയുടെയും പന്തീരാങ്കാവിലെ ഫ്‌ലാറ്റില്‍ എത്തിച്ചു. ഇവിടെ വച്ച് സാലിഹും ഷബീറും പെണ്‍കുട്ടിക്ക് ലഹരി മരുന്നു നല്‍കി. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിച്ചു. 22 ന് ഉച്ചയോടെ കോഴിക്കോട് ബീച്ചില്‍ പെണ്‍കുട്ടിയെ ഷമീമും റയീസും ജീപ്പില്‍ കൊണ്ടു വിട്ടു. 4,000 രൂപയും നല്‍കി. ബീച്ചില്‍ ഡ്യൂട്ടിയിലുള്ള വനിതാ ഹെല്‍പ് ലൈന്‍ അംഗങ്ങളാണ് അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പെരിന്തല്‍മണ്ണ പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് കണ്ടെത്തിയത്. കേസ് കോഴിക്കോട് വെള്ളയില്‍ പൊലീസിന് കൈമാറി. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് യുവാക്കള്‍ക്ക് എതിരെ കേസെടുത്തത്.