ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ടര്‍ ബോണ്ടില്‍ ഒപ്പിടണമെന്ന് കശ്മീര്‍ പോലിസ്; വിസമ്മതിച്ച് റിപോര്‍ട്ടര്‍
ശ്രീനഗര്‍: ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ ജമ്മുകശ്മീര്‍ റിപോര്‍ട്ടര്‍ സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും ചെയ്യില്ലെന്ന് ബോണ്ട് നല്‍കണമെന്ന് പോലിസ്. കഴിഞ്ഞ 20 വര്‍ഷമായി ശ്രീനഗര്‍ കേന്ദ്രമാക്കി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന ബഷാരത്ത് മസൂദിനാണ് പോലിസ് നോട്ടിസ് നല്‍കിയത്. ജനുവരി 15നും 19നും ഇടയില്‍ സൈബര്‍ സ്‌റ്റേഷനില്‍ എത്താനായിരുന്നു നിര്‍ദേശമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപോര്‍ട്ട് പറയുന്നു. ജനുവരി 16ന് മജിസ്‌ട്രേറ്റിന് മുന്നില്‍ കൊണ്ടിപോയാണ് ബോണ്ടില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടത്. ബോണ്ടില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് മസൂദ് മജിസ്‌ട്രേറ്റിനോട് പറഞ്ഞു. തുടര്‍ന്ന് പോലിസ് മസൂദിനെ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി.
ബഷാരത്ത് മസൂദ് സമാധാന ലംഘനമോ പൊതുസമാധാന ലംഘനമോ നടത്താന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതായാണ് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കശ്മീര്‍ താഴ്‌വരയിലെ മുസ്‌ലിം പള്ളികളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നതിന്റെ വാര്‍ത്ത ബഷാരത്ത് മസൂദ് പ്രസിദ്ധീകരിച്ചിരുന്നു. ഇതാവാം കാരണമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ശ്രീനഗര്‍ ബ്യൂറോയില്‍ നിന്ന് ബഷാരത്ത് മസൂദ് റിപോര്‍ട്ട് ചെയ്യുന്നതായും മാധ്യമപ്രവര്‍ത്തകരുടെ അന്തസും അവകാശങ്ങളും ഉയര്‍ത്തിപിടിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ചെയ്യുമെന്നും ചീഫ് എഡിറ്റര്‍ രാജ് കമല്‍ ഝ പറഞ്ഞു.
