145 പോലിസുകാരുടെ കാവലില്‍ കുതിരപ്പുറത്ത് കയറി ദലിത് വരന്‍; ഇറങ്ങിക്കഴിഞ്ഞ് കല്ലേറ്

Update: 2025-02-07 00:43 GMT

ബാണസ്‌കന്ദ(ഗുജറാത്ത്):  സവര്‍ണജാതിക്കാരുടെ എതിര്‍പ്പ് അവഗണിച്ച് പോലിസ് കാവലില്‍ കുതിരപ്പുറത്ത് കയറി സഞ്ചരിച്ച് ദലിത് വരന്‍. ഗുജറാത്തിലെ ബാണസ്‌കന്ദ ജില്ലയിലെ ഗദല്‍വാദ ഗ്രാമത്തിലെ മുകേഷ് പരേച്ചയാണ് 145 പോലിസുകാരുടെ അകമ്പടിയില്‍ വര്‍ഗോഡോ എന്ന ചടങ്ങ് നടത്തിയത്. വിവാഹചടങ്ങിന് തൊട്ടുമുമ്പ് വരന്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ചടങ്ങാണ് ഇത്. വിവാഹത്തിന് ക്ഷണക്കത്ത് അച്ചടിക്കുന്നതിനും സദ്യ ഒരുക്കുന്നതിനും ഒപ്പം പോലിസ് കാവലിനും മുകേഷ് അപേക്ഷ നല്‍കിയിരുന്നു.

താന്‍ കുതിരപ്പുറത്ത് കയറുമെന്നും പോലിസ് സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി ജനുവരി 22നാണ് ബാണസ്‌കന്ദ എസ്പിക്ക് അപേക്ഷ നല്‍കിയത്. ''ഞങ്ങളുടെ ഗ്രാമത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ഒരിക്കലും വര്‍ഗോഡോ നടത്തിയിട്ടില്ല. ഞാന്‍ ആദ്യം വര്‍ഗോഡോ നടത്തും. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനാല്‍, ഞങ്ങള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണം.''- മുകേഷ് അപേക്ഷയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ നടന്ന വിവാഹത്തില്‍ മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരും ഒരു ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ 145 പേരാണ് പങ്കെടുത്തത്. ഘോഷയാത്ര സമാധാനപരമായി നടന്നെന്ന് ഗഡ് പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായ കെ എം വാസവ പറഞ്ഞു.

എന്നാല്‍, കുതിരപ്പുറത്തു നിന്നിറങ്ങി കാറില്‍ കയറി അരക്കിലോമീറ്റര്‍ പോയപ്പോള്‍ കല്ലേറുണ്ടായെന്ന് മുകേഷ് പറഞ്ഞു. വാദ്ഗാം എംഎല്‍എ ജിഗ്നേഷ് മേവാനിയും കാറിലുണ്ടായിരുന്നുവെന്ന് മുകേഷ് പറഞ്ഞു. കല്ലെറിയലില്‍ രണ്ടു ദിവസത്തിനുള്ളില്‍ പരാതി നല്‍കുമെന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, കല്ലേറ് ഉണ്ടായിട്ടില്ലെന്നാണ് കെ എം വാസവ പറയുന്നത്. ''പോലിസ് അകമ്പടിക്കൊപ്പം പ്രദേശം നിരീക്ഷിക്കാന്‍ ഡ്രോണും വിന്യസിച്ചിരുന്നു. കല്ലെറിയുന്നത് ഡ്രോണ്‍ റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കല്ലേറ് ഉണ്ടായെന്ന് അവര്‍ പറഞ്ഞ ശേഷം ഞാന്‍ അവിടെയെത്തി കാര്‍ ഓടിച്ചു. വിവാഹം നടക്കേണ്ട സ്ഥലത്ത് അവരെ എത്തിച്ചത് ഞാനാണ്.''- കെ എം വാസവ പറഞ്ഞു.