പതിനാലുകാരിയെ 16കാരന്‍ കൊന്നത് പീഡനവിവരം പുറത്തുപറയുമെന്ന് പറഞ്ഞപ്പോഴെന്ന്
മലപ്പുറം: കരുവാരക്കുണ്ടില്‍ കൊല്ലപ്പെട്ട പതിനാലുകാരി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോലിസ്. പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലിസിനോട് പറഞ്ഞു. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളില്‍നിന്നു 10-15 കിലോ മീറ്റര്‍ അധികം ദൂരമുള്ള വാണിയമ്പലത്തിന് അടുത്തുള്ള കാട് മൂടിയ പാണ്ടിക്കാട് റെയില്‍വേ ട്രാക്കിനടുത്തായാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്‌കൂള്‍ യൂനിഫോം ആണ് ധരിച്ചിരുന്നത്. കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടായിരുന്നു. യൂനിഫോമില്‍ ഇന്നലെ സ്‌കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വൈകീട്ട് കുട്ടി മടങ്ങിവരാതിരുന്നപ്പോഴാണ് കാണാതായ വിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് വൈകീട്ട് കുട്ടിയുടെ മാതാവ് കരുവാരകുണ്ട് സ്റ്റേഷനില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ നേരത്തെ ശല്യപ്പെടുത്തിയ വിവരമുള്ളതിനാല്‍ 16-കാരനെ സംശയമുണ്ടായിരുന്നു. നാട്ടുകാരും പോലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ 16-കാരന്‍ തൊടിയപ്പുലം റെയില്‍വേ സ്റ്റേഷന് 300 മീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.