ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചു; പതിമൂന്നു വയസുള്ള മുസ്‌ലിം കുട്ടിയെ ഹിന്ദുത്വര്‍ കുത്തി
കാണ്‍പൂര്‍: ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ച 13 വയസുള്ള മുസ്‌ലിം കുട്ടിയെ ഹിന്ദുത്വര്‍ കുത്തിപരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ മഹാരാജ് പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോവുമ്പോള്‍ മൂന്നു കുട്ടികള്‍ ചേര്‍ന്ന് തന്നെ തടഞ്ഞുനിര്‍ത്തുകയും കാലില്‍ തൊടാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് മുസ്‌ലിം കുട്ടിയുടെ പരാതി പറയുന്നു. ഇതിന് വിസമ്മതിച്ചതോടെ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിനോടും വിസമ്മതിച്ചതോടെ അക്രമികള്‍ കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. കാലിലാണ് കുത്തേറ്റത്. കുട്ടി ചോരയൊലിപ്പിച്ച് വീട്ടിലെത്തിയപ്പോള്‍ വല്ലുപ്പയാണ് പോലിസില്‍ പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാവാത്തവര്‍ തന്നെയാണ് പ്രതികളെന്ന് എസിപി സുമിത് രാംതേക്ക് അറിയിച്ചു.