സിറിയയില്‍ അതിക്രമിച്ച് കയറിയ ഇസ്രായേലി സൈനികര്‍ക്ക് നേരെ വെടിവയ്പ്; 13 പേര്‍ക്ക് പരിക്ക്

Update: 2025-11-29 12:00 GMT

ദമസ്‌കസ്: തെക്കന്‍ സിറിയയില്‍ അതിക്രമിച്ച് കയറിയ ഇസ്രായേലി സൈന്യത്തിലെ എലൈറ്റ് യൂണിറ്റിലെ 13 പേര്‍ക്ക് പരിക്കേറ്റു. ബെയ്ത് ജിന്‍ ഗ്രാമം ആക്രമിക്കാന്‍ എത്തിയ എലൈറ്റ് സൈനികര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് തെല്‍അവീവില്‍ നിന്നുള്ള റിപോര്‍ട്ട് പറയുന്നു. ഒരു ഇസ്‌ലാമിക സംഘടനയുടെ പ്രവര്‍ത്തകരെ പിടിക്കാനാണ് ഇസ്രായേലി സൈന്യത്തിലെ 55ാം പാരാട്രൂപ്പര്‍ ബ്രിഗേഡിലെ 98ാം എലൈറ്റ് ഡിവിഷനിലെ സൈനികര്‍ സിറിയയുടെ അതിര്‍ത്തി ലംഘിച്ച് എത്തിയത്. ഇസ്‌ലാമിക സംഘടനാ പ്രവര്‍ത്തകര്‍ അവരെ നേരിട്ടു. കനത്ത വെടിവയ്പിന് പിന്നാലെ ഇസ്രായേലി സൈനികര്‍ പിന്‍വാങ്ങേണ്ടി വന്നു. ഇസ്രായേലി സൈന്യം ഒരു ഹംവി അവിടെ ഉപേക്ഷിച്ച് പോവേണ്ടിയും വന്നു. പിന്നീട് ഇസ്രായേലി വ്യോമസേന പ്രദേശത്ത് വ്യോമാക്രമണം നടത്തി. അതില്‍ 13 സിറിയക്കാര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.