പാക്കിസ്താനില്‍ ശ്രീലങ്കന്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം: 120 പേര്‍ അറസ്റ്റില്‍

രാജ്യത്തിന് നാണക്കേടിന്റെ ദിനമാണിതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു

Update: 2021-12-04 19:19 GMT

ഇസ്‌ലാമാബാദ്: മതനിന്ദ നടത്തിയന്നെ പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ ശ്രീലങ്കന്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത നടപടിക്കൊരുങ്ങി പാകിസ്താന്‍. മതനിന്ദ ആരോപിച്ച് ഫാക്ടറി മാനേജറായിരുന്ന പ്രിയന്ത കുമരയെ മര്‍ദിച്ചു കൊന്ന കേസില്‍ 120 പേര്‍ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തിന് നാണക്കേടിന്റെ ദിനമാണിതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും. എല്ലാവര്‍ക്കും കടുത്ത ശിക്ഷയും ഉറപ്പാക്കുമെന്നും കേസന്വേഷണത്തിന് സ്വന്തം നിലയില്‍ മേല്‍നോട്ടം വഹിക്കുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ടിലായിരുന്നു സംഭവം. ഖുര്‍ആന്റെ വരികളടങ്ങിയ തഹ്രീകെ ലബ്ബൈക് പാകിസ്താന്റെ പോസ്റ്റര്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം. ഫാക്ടറിക്കു സമീപത്തെ പോസ്റ്റര്‍ നശിപ്പിക്കുന്നത് കണ്ട തൊഴിലാളികള്‍ ഇത് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് ആളെക്കൂട്ടിയത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമര സംഭവസ്ഥലത്ത് പോലിസെത്തുന്നതിനു മുമ്പു തന്നെ മരിച്ചിരുന്നു. ആക്രമണത്തിനെതിരേ അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കൊലപാതകത്തില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റും പ്രധാനമന്ത്രി രാജപക്ഷെയും ശക്തമായി അപലപിച്ചിട്ടുണ്ട്.

Tags: