12കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന്‍ അറസ്റ്റില്‍

Update: 2025-08-01 11:50 GMT

കോഴിക്കോട്: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 70കാരന്‍ അറസ്റ്റില്‍. താമരശേരി സ്വദേശിയായ പെണ്‍കുട്ടിയേയാണ് അയല്‍ക്കാരന്‍ പീഡിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്ന് മേയ് 15ന് പ്രദേശത്തെ ഒരു ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി ആരോപണവിധേയന്റെ രക്തസാമ്പിള്‍ ഡിഎന്‍എ പരിശോധനക്കായി ശേഖരിച്ചു. ഡിഎന്‍എ പരിശോധനയില്‍ ഗര്‍ഭത്തിന്റെ ഉത്തരവാദി വയോധികനാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റുണ്ടായത്. ഇയാളുടെ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ പോവാറുണ്ടായിരുന്നു. ഭാര്യ ജോലിക്ക് പോവുന്നതിനാല്‍ വയോധികന്‍ വീട്ടില്‍ തനിച്ചായിരിന്നു. ഈ അവസരം മുതലെടുത്ത് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പോലിസ് അനുമാനിക്കുന്നത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.