വെള്ളിയാഴ്ച വീട്ടില്‍ നിസ്‌കരിച്ച 12 പേര്‍ അറസ്റ്റില്‍

Update: 2026-01-18 06:38 GMT

ബറെയ്‌ലി: വെള്ളിയാഴ്ച വീട്ടില്‍ നിസ്‌കരിച്ച 12 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലെ ബിശ്വരത്ഗഞ്ച് പ്രദേശത്തെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിലാണ് പോലിസ് ഭീകരത. ഹനീഫ് എന്നയാളുടെ വീട്ടിലാണ് നിസ്‌കാരം നടന്നത്. മുസ്‌ലിംകള്‍ നിസ്‌കരിക്കുന്നത് കണ്ട ചിലര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

സമാധാന അന്തരീക്ഷം തടപ്പെടുത്തിയെന്ന വകുപ്പ് പ്രകാരമാണ് കേസ്. 12 പേരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇവര്‍ക്കെല്ലാം മജിസ്‌ട്രേറ്റ് ജാമ്യവും നല്‍കി. നിസ്‌കരിക്കാനുണ്ടായിരുന്ന മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലിസ് അറിയിച്ചു. പുതിയ രീതികളോ കീഴ്‌വഴക്കങ്ങളോ പരിപാടികളോ അനുമതിയില്ലാതെ അനുവദിക്കില്ലെന്ന് എസ്പി അന്‍ഷിക വര്‍മ പറഞ്ഞു. പ്രാര്‍ത്ഥനക്കെത്തിയ എല്ലാവരെയും വിട്ടയക്കണമെന്ന് ഭീം ആര്‍മി നേതാവും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മതാടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.