കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസ്

Update: 2026-01-14 02:06 GMT

തൊട്ടില്‍പ്പാലം: കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെഎസ്ആര്‍ടിസി ബസ് അനുവദിക്കും. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കെ പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബസ് അനുവദിച്ചത്. വടകരയില്‍നിന്ന് കുറ്റ്യാടി വഴി മൈസൂരിലേക്ക് ബസ് സര്‍വീസുകള്‍ ആവശ്യപ്പെട്ടുകൊണ്ടും മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വി എം ഷാജി, എടിഒ രഞ്ജിത്ത്, ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് എസ്. ഷിബു എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയും 12 കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നെന്ന് എംഎല്‍എ പറഞ്ഞു. വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടിലേക്കും പുതിയ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അതിരാവിലെ വടകരയില്‍നിന്ന് തുടങ്ങി രാവിലെ 10 മണിയോടെ മൈസൂരിലെത്തുന്ന രീതിയിലാണ് ബസ് സര്‍വീസ് ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.