തിരുവനന്തപുരത്ത് പതിനൊന്നുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചതാണ് കാരണമെന്ന് സംശയിക്കുന്നതായി പോലിസ്

Update: 2025-02-16 13:14 GMT

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറില്‍ പതിനൊന്നുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാമൂട്ടില്‍ വടക്കതില്‍ വീട്ടില്‍ ആരാധിക(11)യാണ് മരിച്ചത്. ജനലില്‍ കെട്ടിയ റിബണ്‍ കൊണ്ട് കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സ്വാമിയാര്‍ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെണ്‍കുട്ടിയുടെ അനുജത്തിയാണ് പരിവസരവാസികളെ വിവരമറിയിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇളയകുട്ടിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. മാതാപിതാക്കള്‍ ഈ സമയം വീട്ടിലില്ലായിരുന്നു. അയല്‍ക്കാര്‍ എത്തി പരിശോധിക്കുമ്പോള്‍ ജനലിന്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിയിട്ട നിലയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ഉടന്‍തന്നെ ഇവര്‍ റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരാധികയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ശ്രീകാര്യം പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവ്: രൂപേഷ് (െ്രെഡവര്‍) അമ്മ: ചിത്ര (സെക്യൂരിറ്റി സ്റ്റാഫ്, കിംസ് ആശുപത്രി)