''ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കള്‍'': പ്രഖ്യാപനവുമായി 100 മുസ്‌ലിം പണ്ഡിതര്‍

Update: 2025-07-09 16:02 GMT

തെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കളാണെന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 100 മുസ്‌ലിം പണ്ഡിതര്‍ പ്രഖ്യാപിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇയെ കൊലപ്പെടുത്തുമെന്ന രീതിയില്‍ ട്രംപും നെതന്യാഹുവും സംസാരിച്ചതാണ് പ്രഖ്യാപനത്തിന് കാരണം. ഇറാഖ്, തുര്‍ക്കി, ഫലസ്തീന്‍, പാകിസ്താന്‍, ലിബിയ, ഇന്ത്യ, ആസ്‌ത്രേലിയ, കെനിയ, ഒമാന്‍, റഷ്യ, സിറിയ, അള്‍ജീരിയ, ലബ്‌നാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, ടൂണിസ്, ബഹ്‌റൈന്‍, യുഎസ്, സുഡാന്‍, ഖത്തര്‍, തായ്‌ലാന്‍ഡ്, യെമന്‍, മൗറിത്താനിയ, ഈജിപ്ത്, ഇന്തോനേഷ്യ, സെനഗല്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്നി-ശിയാ പണ്ഡിതരാണ് പ്രസ്താവന ഇറക്കിയത്.

ട്രംപും നെതന്യാഹുവും ഇസ്രായേലി ഭരണകൂടത്തിലെ മറ്റ് നേതാക്കളും ദൈവത്തിനും പ്രവാചകനും എതിരെ യുദ്ധം ചെയ്യുന്ന ശത്രുക്കളാണെന്നും അവര്‍ ഭൂമിയിലെ ജീവിതത്തെ ജീര്‍ണിപ്പിക്കുകയാണെന്നും പ്രഖ്യാപനം പറയുന്നു. ഇസ്‌ലാമിക ഭൂമികളിലെ അധിനിവേശം, രക്തച്ചൊരിച്ചില്‍, ഫലസ്തീനികളുടെ വംശഹത്യ, മാനവരാശിക്കെതിരായ കുറ്റങ്ങള്‍ എന്നിവയാണ് അവര്‍ ചെയ്യുന്നത്.

ശരീഅത്തിന്റെ തത്വങ്ങള്‍ അനുസരിച്ച്, നിയമവിരുദ്ധമായ സയണിസ്റ്റ് അധിനിവേശ ഭരണകൂടവുമായും അമേരിക്കയുടെ അടിച്ചമര്‍ത്തല്‍ നയങ്ങളുമായും ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍, ബന്ധങ്ങള്‍ സാധാരണവല്‍ക്കരിക്കല്‍, അല്ലെങ്കില്‍ സഹകരണം എന്നിവ മതപരമായി നിരോധിച്ചിരിക്കുന്നു. അത്തരം പ്രവൃത്തികള്‍ ഫലസ്തീന്‍ ജനതയുടെയും മേഖലയിലെ അടിച്ചമര്‍ത്തപ്പെട്ട രാഷ്ട്രങ്ങളുടെയും അവകാശങ്ങളെ നഗ്‌നമായി ലംഘിക്കുന്നതാണ്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചനകളെ നേരിടാന്‍ എല്ലാ മുസ്‌ലിംകളും ഇസ്‌ലാമിക ലോകത്തെ പണ്ഡിതരും ഐക്യപ്പെടണം. '' ഉമ്മത്തിന് ഇക്കാലത്ത് എക്കാലത്തേക്കാളും ഐക്യവും ബൗദ്ധിക-മത-രാഷ്ട്രീയ ഐക്യവും ആവശ്യമാണ്.....ഫലസ്തീന്‍, അല്‍ ഖുദ്‌സ് പ്രശ്‌നങ്ങള്‍ ഉമ്മത്തിന്റെ മുന്‍ഗണനകളില്‍ മുന്‍പന്തിയില്‍ തുടരുകയാണ്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ വിമോചനവും ഇസ്രായേല്‍ എന്ന കാന്‍സറിന്റെ ഉന്‍മൂലനവും വരെ പോരാട്ടം തുടരണം.''-പ്രഖ്യാപനം പറയുന്നു.