ട്രെയ്‌നില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയ യുവാവിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം
ന്യൂഡല്‍ഹി: ട്രെയ്‌നില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയ യുവാവിന് എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയിവേക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരക്കുള്ള ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യവേ ട്രെയ്ന്‍ കുലുങ്ങിയപ്പോഴാണ് താന്‍ പുറത്തേക്ക് വീണതെന്ന് ചൂണ്ടിക്കാട്ടി വരുണ്‍ ജിന്‍ഡാല്‍ എന്ന യുവാവ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
'' യുവാവ് എക്‌സ്പ്രസ് ട്രെയിനില്‍ കയറാനോ ഇറങ്ങാനോ ശ്രമിച്ചുവെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും രേഖയിലില്ല. പെട്ടെന്നുള്ള കുലുക്കവും കാരണം അദ്ദേഹം പുറത്തേക്ക് വീണുവെന്നും പരിക്കുകള്‍ പറ്റിയെന്നുമാണ് മൊഴികള്‍... അശ്രദ്ധ മൂലമാണ് പരിക്കുകള്‍ സംഭവിച്ചതെന്ന വാദം നിയമപരമായി നിലനില്‍ക്കുന്ന തെളിവുകളൊന്നുമില്ല. റെയില്‍വേ കാരണം യുവാവിന് പരിക്കേറ്റെന്ന് വ്യക്തമാണ്.''-ജസ്റ്റിസ് ധര്‍മേഷ് ശര്‍മ പറഞ്ഞു. അപകടം നടന്ന 2015 മുതല്‍ എട്ടുശതമാനം പലിശ അടക്കമാണ് എട്ടുലക്ഷം രൂപ നല്‍കേണ്ടത്.