വാക്‌സിന്‍ എടുത്തവര്‍ക്ക് മദ്യത്തിന് 10 ശതമാനം വിലക്കുറവ്; ഉത്തരവ് പിന്‍വലിച്ച് മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ല ഭരണകൂടം

ബുധനാഴ്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മന്ദ്‌സൗര്‍ നഗരത്തിലെ മൂന്ന് മദ്യശാലകളില്‍ നാടന്‍ മദ്യത്തിന് 10 ശതമാനം ഇളവ് നല്‍കുമെന്ന് ജില്ലാ എക്‌സൈസ് ഓഫിസര്‍ അനില്‍ സച്ചന്‍ നേരത്തെ ഉത്തരവിട്ടിരുന്നു

Update: 2021-11-25 06:36 GMT

ഭോപ്പാല്‍: മന്ദ്‌സൗര്‍ ജില്ലയിലെ മദ്യശാലകളില്‍ കോവിഡ് 19 നെതിരെ പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തവര്‍ക്ക് മദ്യം വാങ്ങുന്നതിന് പത്ത് ശതമാനം കിഴിവ് വാഗ്ദാനം ചെയ്ത ഉത്തരവ് പിന്‍വലിച്ച് അധികൃതര്‍.രാഷ്ട്രീയക്കാരില്‍ നിന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്നും വിമര്‍ശനത്തിമുയര്‍ന്നതിനെ തുടര്‍്ന്നാണ് ഉത്തരവ് പിന്‍വലിച്ചിരിക്കുന്നത്. ബുധനാഴ്ച വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മന്ദ്‌സൗര്‍ നഗരത്തിലെ മൂന്ന് മദ്യശാലകളില്‍ നാടന്‍ മദ്യത്തിന് 10 ശതമാനം ഇളവ് നല്‍കുമെന്ന് ജില്ലാ എക്‌സൈസ് ഓഫിസര്‍ അനില്‍ സച്ചന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.സിതാമൗ ഫടക്, ഭൂനിയ ഖേഡി, പഴയ ബസ് സ്റ്റാന്റ്‌എന്നിവിടങ്ങളിലെ മൂന്ന് കടകളില്‍ നാടന്‍ മദ്യം വാങ്ങുന്നതിന് 10 ശതമാനം ഇളവ് നല്‍കുമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചതായി സച്ചന്‍ ബുധനാഴ്ച രാവിലെ പറഞ്ഞു.മേഖലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉത്തരവിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവ് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മന്ദ്‌സൗറിലെ ബിജെപി എംഎല്‍എ യശ്പാല്‍ സിംഗ് സിസോദിയയുടെ വിമര്‍ശനം ഉയര്‍ന്നു.ഇത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും മദ്യം കഴിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. മന്ദ്‌സൗറില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസിന്റെ 50 ശതമാനം ലക്ഷ്യം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. ഇതിനായി ബുധനാഴ്ച മധ്യപ്രദേശ് സര്‍ക്കാര്‍ കൊറോണ വാക്‌സിനേഷന്‍ പ്രോഗ്രാമിന് കീഴില്‍ മെഗാ കാമ്പെയ്ന്‍ സംഘടിപ്പിച്ചു. കൂടുതല്‍ ആളുകളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മദ്യം വാങ്ങുന്നതില്‍ ഇളവ് നല്‍കാന്‍ ഭരണകൂടം ആലോചിച്ചത്.

Tags:    

Similar News