ഗസയിലെ വംശഹത്യ: ഇസ്രായേലിന് ഉപരോധം ഏര്‍പ്പെടുത്തണമെന്നമെന്ന് ജൂതന്‍മാര്‍, തെല്‍അവീവിലെ യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം
തെല്‍അവീവ്: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തെല്‍അവീവിലെ യുഎസ് എംബസിക്ക് മുന്നില്‍ ജൂതന്‍മാരുടെ പ്രതിഷേധം. കല, സാഹിത്യം, നിയമം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് യുഎസ് എംബസിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് തങ്ങളുടെ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന കത്തുകളും അവര്‍ വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.
ഇസ്രായേലി നെസെറ്റ് മുന്‍ സ്പീക്കര്‍ അവ്‌റഹാം ബര്‍ഗ്, മുന്‍ അറ്റോണി ജനറല്‍ മൈക്കിള്‍ ബെന്‍ യെയര്‍, സിനിമാനിര്‍മാതാവ് സാമുവല്‍ മൗസ് തുടങ്ങിയ പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടു. ഫലസ്തീനികളെ ഇസ്രായേല്‍ പട്ടിണിക്കിട്ട് കൊല്ലുകയാണെന്നും ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുകയാണെന്നും കത്ത് പറയുന്നു. അതിനാല്‍ യുഎസും അന്താരാഷ്ട്ര സമൂഹവും ഇസ്രായേലിനെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ഫിസിഷ്യന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രായേലും ബി സെലേമും പരസ്യമായി പ്രഖ്യാപിച്ചു. ഗസയിലെ പട്ടിണിക്ക് കാരണം ഇസ്രായേലാണെന്ന് ചൂണ്ടിക്കാട്ടി യുഎസിലെ ഏറ്റവും വലിയ ജൂതസംഘടനയും പ്രസ്താവന ഇറക്കി. യുദ്ധ പ്രചാരണത്തെ എതിര്‍ക്കുന്നവരെ ജയിലില്‍ അടക്കുന്ന നിയമം നേരത്തെ ഇസ്രായേല്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. അതിനെയും വെല്ലുവിളിച്ചാണ് വിവിധ ജൂതസംഘടനകള്‍ അധിനിവേശത്തിനെതിരേ നിലപാട് സ്വീകരിക്കുന്നത്. സയണിസ്റ്റ് സര്‍ക്കാരുമായി ബന്ധമില്ലെന്നും അതിനെ ഉപരോധിക്കണമെന്നുമാണ് ആവശ്യം.