പൊറോട്ടക്കൊപ്പം ഗ്രേവി സൗജന്യമായി വേണമെന്ന് വാശിപിടിക്കാനാവില്ല: ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

Update: 2025-05-21 16:02 GMT

കൊച്ചി:ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ തള്ളി. കോലഞ്ചേരി പത്താം മൈലിലെ 'ദി പേര്‍ഷ്യന്‍ ടേബിള്‍' എന്ന റെസ്റ്ററന്റിനെതിരേ എറണാകുളം സ്വദേശി എസ് ഷിബു നല്‍കിയ പരാതിയാണ് തള്ളിയത്.

2024 നവംബറിലാണ് ഷിബുവും സുഹൃത്തും ഹോട്ടലില്‍ എത്തിയത്. ബീഫ് െ്രെഫയും പൊറോട്ടയുമാണ് ഓര്‍ഡര്‍ ചെയ്തത്. ഗ്രേവിയും ആവശ്യപ്പെട്ടു. അത് നല്‍കാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടര്‍ന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ കടമയല്ലെന്ന് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഷിബു കമ്മീഷനെ സമീപിച്ചത്.

പൊറോട്ടയുടെയും ബീഫിന്റെയും ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് ഹോട്ടല്‍ വാഗ്ദാനം നല്‍കുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം സെക്ഷന്‍ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാല്‍ നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.