'' കൈകളില്‍ വിലങ്ങിട്ടു; എങ്ങോട്ടാണ് കൊണ്ടുപോവുന്നത് എന്നു അറിയിച്ചില്ല'' വെളിപ്പെടുത്തലുമായി യുഎസ് തിരിച്ചയച്ച ഇന്ത്യക്കാര്‍
അമൃത്‌സര്‍: കൈവിലങ്ങ് വെച്ചാണ് യുഎസ് അധികൃതര്‍ തങ്ങളെ ഇന്ത്യയിലേക്ക് അയച്ചതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍. സീറ്റില്‍ ബന്ധിപ്പിക്കപ്പെട്ട നിലയില്‍ അനങ്ങാന്‍ പോലും കഴിയാത്ത രീതിയിലാണ് മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടി വന്നതെന്നും മടങ്ങിയെത്തിയവര്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് കൊണ്ടുവന്നില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞുവീണത്.
കാലുകളും കൈകളും ബന്ധിച്ചിരുന്നതായും അമൃത്‌സര്‍ വിമാനത്താവളത്തില്‍വെച്ചാണ് വിലങ്ങുകളഴിച്ചതെന്നും ഇന്ത്യയിലെത്തിയ ജസ്പാല്‍ സിങ് എന്നയാള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും തിരിച്ചെത്തിയവര്‍ പറയുന്നു. ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. ഞങ്ങളുടെ കാലുകളും കൈയ്യും വിലങ്ങുവെച്ച് ബന്ധിച്ചു. അമൃത്‌സര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലങ്ങ് അഴിച്ചതെന്നും ജസ്പാല്‍ സിങ് കൂട്ടിച്ചേര്‍ത്തു.
നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. 40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്‌റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. 40 മണിക്കൂറോളം കൃത്യമായി ഭക്ഷണം കഴിക്കാനായില്ല. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
42 ലക്ഷം രൂപയാണ് യുഎസില്‍ പോവാന്‍ ഏജന്റിന് നല്‍കിയതെന്ന് മറ്റൊരു യുവാവ് പറഞ്ഞു. എന്നാല്‍, യുഎസിലേക്ക് വിമാനത്തില്‍ അല്ല പോയത്. ആദ്യം തുര്‍ക്കിയില്‍ പോയ ശേഷം ബ്രസീലിലേക്കാണ് പോയത്. അവിടെ നിന്ന് കൊളംബിയയിലേക്ക് റോഡ്മാര്‍ഗം പോയി. അവിടെ നിന്ന് കടല്‍മാര്‍ഗം മെക്‌സിക്കോയില്‍ എത്തി. മെക്‌സിക്കോയിലേക്കുള്ള വഴിയില്‍ തന്നെ സംഘത്തിലുണ്ടായ നിരവധി പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് കടക്കുമ്പോഴും കൂടെയുണ്ടായിരുന്നുവര്‍ മരിച്ചു. പട്ടിണിയും ജലദൗര്‍ലഭ്യവുമായിരുന്നു മരണകാരണം. മൃതശരീരങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ചാണ് പോയതെന്നും യുവാവ് വെളിപ്പെടുത്തി. ഇനി ആരും ഇത്തരം വഴികളിലൂടെ പോവരുതെന്നും യുവാവ് മുന്നറിയിപ്പ് നല്‍കി.

