കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം; വലഞ്ഞ് യാത്രക്കാര്‍

ദീര്‍ഘ ദൂരയാത്രക്കാരും രാത്രി യാത്രക്കരുമാണ് കെഎസ്ആര്‍ടിസി പണിമുടക്ക് മൂലം ഏറെ പ്രയാസത്തിലായിരിക്കുന്നത്

Update: 2021-11-06 04:59 GMT

കോഴിക്കോട്: കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ്,എഐടിയുസി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നത് ജനങ്ങളെ വലയ്ക്കുന്നു. ദീര്‍ഘദൂരയാത്രക്കാരും രാത്രിയാത്രക്കരുമാണ് കെഎസ്ആര്‍ടിസി പണിമുടക്ക് മൂലം ഏറെ പ്രയാസത്തിലായിരിക്കുന്നത്.എഐടിയുസിയുടെ എംപ്‌ളോയീസ് യൂണിയന്‍ ഇന്നലെ മാത്രം സമരം നടത്തുമെന്നാണ്പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നു കൂടി പണിമുടക്കി പ്രതിഷേധിക്കാനാണ് യൂനിയന്റെ തീരുമാനം. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു. ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇന്ന് പരമാവധി സര്‍വ്വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി സിഎംഡി യൂണിറ്റ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

 ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാന്‍ യൂണിറ്റ് ഓഫിസര്‍മാരോട് സിഎംഡി നിര്‍ദേശിച്ചു. 2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. ഡയസ്‌നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഭീഷണി ജീവനക്കാരുടെ സംഘടനകള്‍ വകവച്ചില്ല. ശമ്പള പരിഷ്‌കരണം കെഎസ്ആര്‍ടിസിക്ക് 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി പറഞ്ഞിരുന്നു. ജീവനക്കാരുടെ ആവശ്യം ന്യായമാണെന്ന കാര്യത്തില്‍ മന്ത്രിക്ക് എതിരഭിപ്രായമില്ല. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ് ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലാക്കാനേ ഇത് സഹായിക്കുകയുള്ളു എന്നാണ് മന്ത്രിയുടെ ഓഫിസന്റെ വിലയിരുത്തല്‍.

Tags: