വ്യഷ്ടിപ്രദേശത്ത് കനത്ത മഴ: ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കും

ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

Update: 2021-11-12 15:28 GMT

ഇടുക്കി: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കുമെന്ന് ജില്ലാ കലക്ടറുടെ ഓഫിസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ വൈകിട്ട് 4 മണിക്ക് ശേഷമോ 14ാം തിയ്യതി രാവിലെ മുതലോ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് 100 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 2398.38 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഇതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി അണക്കെട്ടിലെ റെഡ് അലര്‍ട്ട് ജല നിരപ്പ് 2399.03 അയിടാണ്. ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയും. ഓറഞ്ച് അലര്‍ട്ട് 2398.03 അടിയുമാണ്. നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 20ാം തിയ്യതി അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ തുറന്നത് തമിഴ്‌നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം ശക്തമായി തന്നെ തുടരുന്നതിനാല്‍ തെക്കന്‍ ജില്ലകളില്‍ നാളെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

Tags:    

Similar News