സാലറി ചലഞ്ച്: വിസമ്മത പത്രം വേണ്ടെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Update: 2018-10-25 11:10 GMT

തിരുവനന്തപുരം: സാലറി ചലഞ്ചിന്റെ ഭാഗമാവാന്‍ താല്‍പര്യമില്ലാത്തവരില്‍ നിന്നും വിസമ്മതപത്രം വാങ്ങേണ്ടതില്ലെന്ന കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഈമാസം 29ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താല്പര്യമില്ലാത്തവരില്‍ നിന്ന് വിസമ്മതപത്രം വാങ്ങേണ്ടതില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതുസംബന്ധിച്ച ധനകാര്യ വകുപ്പിന്റെ ഉത്തരവിലെ പത്താമത്തെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് സാലറി ചലഞ്ചില്‍ നിന്ന് ജീവനക്കാരെ പിന്മാറാന്‍ പ്രേരിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞു. ജീവനക്കാരെ നിര്‍ബന്ധിച്ചല്ല സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പാക്കുന്നത്.
ഇതുവരെ ഒരു ലക്ഷത്തി 81,000 ജീവനക്കാരാണ് സാലറി ചലഞ്ചിന്റെ ഭാഗമായിട്ടുള്ളത്. ഈ ഘട്ടത്തിലെ ഹൈക്കോടതി ഇടപെടല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു.