ഇന്ധനവില: പ്രവര്‍ത്തകരില്‍ നിന്ന് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു, വിലകുറക്കുമെന്ന അമിത്ഷായുടെ വാക്കുകള്‍ വിശ്വസിക്കുന്നു: ശ്രീധരന്‍പിള്ള

Update: 2018-09-20 11:45 GMT


തൃശൂര്‍: നാലുവര്‍ഷത്തിനിടെ ബിജെപിയില്‍ നിന്നുതന്നെ നിരവധി പ്രവര്‍ത്തകരില്‍ നിന്ന് ഇന്ധനവിലയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള . ഇന്ധനവില കുറക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന അമിത്ഷായുടെ വാക്കുകളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിലനിര്‍ണയാധികാരം എണ്ണകമ്പനികള്‍ക്ക് നല്‍കിയ കോണ്‍ഗ്രസ് തന്നെ ഇന്നത്തെ വിലവര്‍ധനവിന് പ്രധാന കാരണക്കാര്‍. അതേസമയം ഇ്ന്ധനങ്ങളുടെ നികുതി കുറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്കും അതാകാവുന്നതാണെന്നു ശ്രീധരന്‍പിള്ള പറഞ്ഞു.
മുഴുവന്‍ സമയവും പ്രവര്‍ത്തിക്കേണ്ട പ്രസിഡന്റിന് മൂന്ന് വര്‍ക്കിങ്ങ് പ്രസിഡന്റുമാരെ നിയമിച്ച് നടത്തിയ കെപിസിസി പുന:സംഘടന വ്യക്തമാക്കിയത് കോണ്‍ഗ്രസിന്റെ ഗതികേടാണ്. അധികാരം നല്‍കിയില്ലെങ്കില്‍ നേതാക്കളെ പിടിച്ചുനിര്‍ത്താനാവില്ലെന്ന അവസ്ഥയാണത് വെളിവാക്കിയത്. പ്രസിഡന്റ് ഒരു വഴിക്ക് വണ്ടി നയിക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാര്‍ മൂന്ന് വഴിക്ക് വലിക്കും. തകരുന്ന കപ്പലായ കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്ന തോന്നല്‍ നേതാക്കള്‍ക്കുവരെയുണ്ട്. ബിജെപിയിലേക്ക് കെ സുധാകരനടക്കം ആര്‍ക്കും കടന്നുവരാം. ബിജെപി ക്ഷണിച്ചാല്‍ പാര്‍ട്ടി വിട്ടുവരാന്‍ തയാറുള്ളവര്‍ സിപിഎം പ്രാദേശിക നേതാക്കളില്‍വരെയുണ്ട്. കുടുതല്‍ വോട്ട് ലഭിച്ച മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാകും സംസ്ഥാനത്ത് ഇനി ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എവിടെയുമുണ്ടായില്ല. മഷിയിട്ടു നോക്കിയിട്ടും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെപോലും എങ്ങും കണ്ടില്ല. അതേസമയം പ്രളയ ദുരിതാശ്വാസ ഫണ്ടിന് ഉദ്യോഗസ്ഥര്‍, സിപിഎം പ്രവര്‍ത്തകര്‍, ഇടതു ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍ബന്ധ പിരിവ് നടത്തുകയാണ്. ഈ പിരിവ് മാഫിയക്കെതിരെ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടിക്ക് വ്യാഴാഴ്ച്ച തുടക്കം കുറിച്ചതായും ശ്രീധരന്‍പിള്ള അറിയിച്ചു.

Similar News