സൂപ്പര്‍ കപ്പ്; കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്

Update: 2025-11-03 14:04 GMT

പനാജി: സൂപ്പര്‍ കപ്പിലെ തങ്ങളുടെ മികച്ച പ്രകടനം തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. ഹൈദരാബാദ് എഫ്‌സി തങ്ങളുടെ പേരുമാറ്റി സ്‌പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹി എന്ന പേരിലാണ് ഇനി അറിയപ്പെടുക.

തുടക്കം മുതല്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. 18ാം മിനിറ്റില്‍ കൃത്യമായ ഫിനിഷിംങിലൂടെ കോള്‍ഡോ ഒബിയേറ്റ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ കണ്ടെത്തി. വെറും നാലു മിനിറ്റിനു ശേഷം കോള്‍ഡോ ഒബിയേറ്റ വീണ്ടും പന്ത് വലയിലെത്തിച്ച് ലീഡ് ഇരട്ടിയാക്കി. ഇതോടെ എതിരാളികള്‍ സമ്മര്‍ദ്ദത്തിലായി. 33ാം മിനിറ്റില്‍ ലൂണയുടെ ക്രോസില്‍ നിന്നും കോറോ സിങ് ഒരു അക്രൊബാറ്റിക് ഷോട്ടിലൂടെ വലകുലുക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച രണ്ട് ഗ്രൂപ്പ് മല്‍സരങ്ങളിലും ജയം നേടി. ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മല്‍സരത്തില്‍ രാജസ്താന്‍ യുനൈറ്റഡിനെ ഒരുഗോളിന് തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. നവംബര്‍ ആറിന് രാത്രി 7.30നാണ് മല്‍സരം.

Tags: