സൂപര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സി ഇന്ന് തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും
തൃശൂര്‍: സൂപര്‍ ലീഗ് കേരളയുടെ എട്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30ന് നടക്കുന്ന മല്‍സരത്തില്‍ ആതിഥേയരായ തൃശൂര്‍ മാജിക് എഫ്സി തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താനുള്ള തൃശൂര്‍ മാജിക്കിനു മുന്നിലുള്ള സുവര്‍ണാവസരമാണ് ഈ മല്‍സരം. നിലവില്‍ 13 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് ഇന്നു ജയിക്കാനായാല്‍ 16 പോയന്റോടെ ലീഗിന്റെ തലപ്പത്തേക്കു കയറാനാകും. ഇരു ടീമുകളും തമ്മില്‍ തിരുവനന്തപുരത്തുവച്ച് ഏറ്റുമുട്ടിയപ്പോള്‍ ഒരുഗോളിന് തൃശൂര്‍ മാജിക് എഫ്‌സി വിജയിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരത്തിനും ഈ മല്‍സരം നിര്‍ണായകമാണ്. തൃശൂരിനെ വീഴ്ത്തി മൂന്നു പോയന്റ് നേടാനായാല്‍ 13 പോയന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ കൊമ്പന്‍സിനാകും. കഴിഞ്ഞ മല്‍സരത്തിലെ ക്ഷീണം തീര്‍ക്കാനാകും തൃശൂര്‍ സ്വന്തം തട്ടകത്തിലിറങ്ങുക. കാലിക്കറ്റ് എഫ്‌സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി വഴങ്ങിയാണ് തൃശൂരിന്റെ വരവ്. സ്വന്തം കാണികള്‍ക്കു മുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്താനാകും കോച്ച് ആന്‍ഡ്രി ചെര്‍ണിഷോവും സംഘവും ശ്രമിക്കുക. മറുവശത്ത് കൊച്ചിയില്‍ ചെന്ന് ഫോഴ്‌സ കൊച്ചിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ കരുത്തുമായാണ് കൊമ്പന്‍സ് തൃശൂരിലെത്തുന്നത്. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും മൊബൈലില്‍ sports.com ലും തല്‍സമയം കാണാനാവും.
