സൂപര്‍ ലീഗ് കേരള; സെമിയുറപ്പിക്കാന്‍ തൃശൂര്‍ മാജിക് എഫ്‌സി ഇന്ന് ഫോഴ്സ കൊച്ചിക്കെതിരേ
തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം
തൃശൂര്‍: സൂപര്‍ ലീഗ് കേരള രണ്ടാം സീസണിലെ ഒന്‍പതാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സി ഫോഴ്‌സ കൊച്ചിയെ നേരിടും. ലീഗില്‍ എല്ലാ ടീമുകള്‍ക്കും ഇനി രണ്ട് റൗണ്ട് മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ഇന്ന് ജയിച്ചാല്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് കാലിക്കറ്റ് എഫ്‌സിക്കു പിന്നാലെ സെമിയിലേക്കെത്താം. അതേസമയം കളി സമനിലയില്‍ പിരിയുകയോ തൃശൂര്‍ തോല്‍ക്കുകയോ ചെയ്താല്‍ സെമി പ്രവേശനത്തിന് അവര്‍ക്ക് അവസാന മല്‍സരം വരെ കാത്തിരിക്കേണ്ടിവരും.
നിലവില്‍ എട്ടു മല്‍സരളില്‍ നിന്ന് നാലു വിജയവും രണ്ടുവീതം സമനിലയും തോല്‍വിയുമടക്കം 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് തൃശൂര്‍ മാജിക് എഫ്‌സി. തൃശൂരിന് ഇന്നു ജയിച്ചാല്‍ 17 പോയിന്റുമായി സെമിയിലേക്ക് ടിക്കറ്റെടുക്കാം. എട്ടു മല്‍സരങ്ങളില്‍ നിന്ന് ഒരു വിജയവും ഏഴു തോല്‍വിയുമടക്കം മൂന്നു പോയിന്റുമായി ഫോഴ്‌സ കൊച്ചി സെമി കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു. തുടര്‍ച്ചയായ നാലാം ഹോം മല്‍സരത്തിനാണ് തൃശൂര്‍ മാജിക് എഫ്‌സി ഇന്നിറങ്ങുന്നത്. ഇന്ന് ഫോഴ്സ കൊച്ചിക്കെതിരേ ജയം മാത്രം ലക്ഷ്യമിട്ടാണ് അവര്‍ ഇറങ്ങുന്നത്. സ്വന്തം ആരാധകരുടെ പിന്തുണ കൂടിയാകുമ്പോള്‍ ഇന്ന് മികച്ച വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് തൃശൂര്‍ മാജിക് എഫ്‌സി.
അതേസമയം ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഫോഴ്്‌സ കൊച്ചി ഇന്നിറങ്ങുന്നത്്. ആദ്യ ഏഴു മല്‍സരങ്ങളും തോറ്റ അവര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ വാരിയേഴ്‌സിനെ അവരുടെ മണ്ണില്‍ ചെന്ന് തകര്‍ത്താണ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സ്പാനിഷ് പരിശീലകനെ പുറത്താക്കിയശേഷം നടന്ന രണ്ടാമത്തെ മല്‍സരത്തിലായിരുന്നു കൊച്ചിയുടെ തകര്‍പ്പന്‍ ജയം. ഇടക്കാല പരിശീലകനും മലയാളിയുമായ സനുഷ് രാജിനു കീഴിലാണ് ഫോഴ്‌സ കൊച്ചി രണ്ടാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും, മൊബൈലില്‍ sports.com ലും തല്‍സമയം സംപ്രേഷണം ചെയ്യും.

