തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ സെമി ഫൈനല്‍ ടിക്കറ്റുറപ്പിച്ച് തൃശൂര്‍ മാജിക് എഫ്‌സി. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഒന്‍പതാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് തൃശൂര്‍ മാജിക് എഫ്‌സി സെമിയില്‍ കടന്നത്. ആദ്യപകുതിയില്‍ കെവിന്‍ പാടിലയാണ് നിര്‍ണായക ഗോള്‍ കണ്ടെത്തിയത്. ഒന്‍പതു മല്‍സരങ്ങളില്‍ അഞ്ച് ജയവും രണ്ടു സമനിലയുമായി 17 പോയന്റാണ് തൃശൂരിനുള്ളത്. നേരത്തെ പുറത്തായ കൊച്ചിക്ക് ഒന്‍പത് കളികളില്‍ മൂന്നു പോയന്റ് മാത്രമാണുള്ളത്.
ഇരുപത്തിയേഴാം മിനിറ്റില്‍ തൃശൂര്‍ ഗോള്‍ നേടി. ഇവാന്‍ മാര്‍ക്കോവിച്ചിന്റെ പാസ് ഗോളാക്കി മാറ്റിയത് കൊളമ്പിയക്കാരന്‍ കെവിന്‍ ജാവിയര്‍. ആദ്യപാദത്തില്‍ ഇരു ടീമുകളും എറണാകുളം മഹാരാജാസ് സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ തൃശൂര്‍ ഒരു ഗോളിന്റെ വിജയം നേടിയിരുന്നു. പ്രഥമ സീസണില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തായിരുന്നു തൃശൂര്‍ മാജിക് എഫ്‌സി, എന്നാല്‍ പ്രഥമ സീസണിലെ റണ്ണേഴ്‌സപ്പാണ് ഫോഴ്‌സ കൊച്ചി എഫ്‌സി.
ഒന്‍പതാം റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ ഇന്ന് കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി കാലിക്കറ്റ് എഫ്‌സിയെ നേരിടും. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കണ്ണൂരിന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. കാലിക്കറ്റ് നേരത്തെ തന്നെ സെമി ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും, മൊബൈലില്‍ sports.com ലും തല്‍സമയം സംപ്രേഷണം ചെയ്യും.