സൂപര്‍ ലീഗ് കേരള; മലപ്പുറത്തെ തകര്‍ത്ത് തൃശൂര്‍ മാജിക് എഫ്‌സി ഫൈനലില്‍
മാര്‍ക്കസ് ജോസഫിന് ഹാട്രിക്
തൃശൂര്‍: സൂപര്‍ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം സെമി ഫൈനലില്‍ മലപ്പുറം എഫ്‌സിയെ തകര്‍ത്ത് തൃശൂര്‍ മാജിക് എഫ്‌സി ഫൈനലില്‍ പ്രവേശിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ മലപ്പുറം എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തൃശൂര്‍ കന്നി ഫൈനലിന് യോഗ്യത നേടിയത്. മാര്‍ക്കസ് ജോസഫിന്റെ ഹാട്രിക്കാണ് തൃശൂരിന് വിജയമൊരുക്കിയത്. ലീഗ് റൗണ്ടില്‍ ഗോളൊന്നും കണ്ടെത്താനാവാത്ത താരമായിരുന്നു മാര്‍ക്കസ് ജോസഫ്. എല്‍ഫോര്‍സിയാണ് മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഫൈനലില്‍ തൃശൂര്‍ മാജിക് എഫ്‌സി കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സിയെ നേരിടും.
26ാം മിനിറ്റിലാണ് മല്‍സരത്തിലെ ആദ്യ ഗോള്‍ വരുന്നത്. ബോക്‌സിന് തൊട്ടുപുറത്തു നിന്ന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് മാര്‍ക്കസ് ജോസഫ് തൃശൂരിനെ മുന്നിലെത്തിച്ചു. പ്രതിരോധമതിലില്‍ നിന്ന നിധിന്‍ മധുവിന്റെ ശരീരത്തില്‍ തട്ടി ദിശമാറിയാണ് പന്ത് മലപ്പുറത്തിന്റെ വലയില്‍ കയറിയത്. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറം സമനില ഗോള്‍ നേടി. ഫ്രീകിക്കില്‍ നിന്ന് മൊറൊക്കോക്കാരന്‍ എല്‍ഫോര്‍സിയാണ് സ്‌കോര്‍ ചെയ്തത്. 84ാം മിനിറ്റില്‍ തൃശൂര്‍ രണ്ടാം ഗോളും ഇഞ്ചുറി സമയത്ത് മൂന്നാം ഗോളും മാര്‍ക്കസ് ജോസഫിലൂടെ മലപ്പുറത്തിന്റെ വലയിലെത്തിച്ചു. ലീഗ് റൗണ്ടില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ആദ്യപാദം മലപ്പുറം ഒരു ഗോളിനും രണ്ടാംപാദം തൃശൂര്‍ ഒന്നിനെതിരേ രണ്ടുഗോളിനും ജയിച്ചിരുന്നു. ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനം നേടിയാണ് തൃശൂര്‍ സെമിയില്‍ പ്രവേശിച്ചത്. മൂന്നാം സ്ഥാനക്കാരായി മലപ്പുറവും അവസാന നാലില്‍ ഇടം നേടി.
