സൂപര്‍ ലീഗ് കേരള; നിര്‍ണായക മല്‍സരത്തില്‍ കാലിക്കറ്റിനോട് തോറ്റ് തിരുവനന്തപുരം

തിരുവനന്തപുരത്തിന്റെ സെമി സാധ്യത മങ്ങി, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സെമിയിലേക്ക്

Update: 2025-12-03 18:05 GMT

തിരുവനന്തപുരം: സൂപര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിക്ക് നിര്‍ണായക മല്‍സരത്തില്‍ തോല്‍വി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പത്താം റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ കാലിക്കറ്റ് എഫ്‌സിയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കൊമ്പന്‍സിനെ തോല്‍പ്പിച്ചത്. ഇഞ്ചുറി സമയത്താണ് കാലിക്കറ്റ് എഫ്‌സിയുടെ രണ്ടു ഗോളുകളും പിറന്നത്. കൊമ്പന്‍സിനായി പൗലോ വിക്ടറും കാലിക്കറ്റിനായി റിങ്കണും അജ്‌സലും ഗോള്‍ നേടി. 10 മല്‍സളില്‍ നിന്നായി 12 പോയന്റുള്ള കൊമ്പന്‍സിന്റെ സെമി സാധ്യത ഇതോടെ മങ്ങി. നാളെ നടക്കുന്ന മല്‍സരത്തില്‍ മലപ്പുറം എഫ്‌സി, ഫോഴ്സ കൊച്ചിയോട് തോറ്റാല്‍ മാത്രമേ കൊമ്പന്‍സിന് സെമി സാധ്യതയുള്ളു.

പതിനാറാം മിനിറ്റില്‍ കൊമ്പന്‍സ് ഗോള്‍ നേടി. ഇടതു വിങില്‍ നിന്ന് ബാദിഷ് നല്‍കിയ പന്തിലേക്ക് ചാടിവീണ പൗലോ വിക്ടര്‍ കൃത്യമായി ഫിനിഷ് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അജ്‌സലിനെ കാലിക്കറ്റ് പകരക്കാരനായി കൊണ്ടുവന്നു. നിരന്തരം ആക്രമണങ്ങള്‍ നടത്തി ഗോള്‍ തിരിച്ചടിക്കാനുള്ള കാലിക്കറ്റിന്റെ ശ്രമങ്ങള്‍ക്ക് ഇഞ്ചുറി സമയത്ത് ഫലം കണ്ടു. പെനാല്‍റ്റിയിലൂടെ റിങ്കണാണ് കാലിക്കറ്റിന്റെ സമനില ഗോള്‍ നേടിയത്. പിന്നാലെ ഫ്രീകിക്കില്‍ നിന്നു വന്ന പന്ത് ഗോളാക്കി മാറ്റിയ അജ്‌സല്‍ കാലിക്കറ്റ് എഫ്‌സിക്ക് വിജയം സമ്മാനിച്ചു. ഇരുവരും തമ്മില്‍ കോഴിക്കോട്ടു നടന്ന മല്‍സരത്തില്‍ കാലിക്കറ്റ് ഒരു ഗോളിന് കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു. നാളെ ലീഗ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ മലപ്പുറം എഫ്‌സി, ഫോഴ്സ കൊച്ചി എഫ്‌സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.

Tags: