സൂപ്പര്‍ ലീഗ് കേരള; കണ്ണൂരില്‍ സമനില തെറ്റിയില്ല
കണ്ണൂര്‍ വാരിയേഴ്‌സ് 1-1 തൃശൂര്‍ മാജിക് എഫ്‌സി
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ വമ്പന്‍മാര്‍ തമ്മിലുള്ള പോരാട്ടം സമനിലയില്‍. ആവേശം നിറഞ്ഞ മല്‍സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. കണ്ണൂരിനു വേണ്ടി മുഹമ്മദ് സിനാനും തൃശൂരിനു വേണ്ടി ബിബിന്‍ അജയനും ഗോള്‍ കണ്ടെത്തി. മൂന്നു ജയവും ഒരു സമനിലയുമായി പത്തു പോയിന്റ് നേടി തൃശൂര്‍ മാജിക് എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ചു മല്‍സരങ്ങളില്‍ നിന്ന് തോല്‍വിയറിയാതെ രണ്ടു ജയവും മൂന്നു സമനിലയുമായി ഒമ്പതു പോയിന്റുമായി കണ്ണൂര്‍ മൂന്നാമത് തുടരുന്നു. ഒമ്പതു പോയിന്റുമായി ഗോള്‍ ഡിഫറന്‍സിന്റെ ആനുകൂല്യത്തില്‍ മലപ്പുറം എഫ്സിയാണ് രണ്ടാമത്.
കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച രണ്ടു ടീമിലെയും ആദ്യ ഇലവനില്‍ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയില്‍ മധ്യനിരയില്‍ അര്‍ജുനും അറ്റാക്കിംങില്‍ ഷിജിനും പകരമായി പ്രതിരോധത്തില്‍ ഷിബിന്‍ ഷാദിനെ ഇറക്കി. കൂടെ സൂപ്പര്‍ സബ് മുഹമ്മദ് സിനാനും കണ്ണൂര്‍ വാരിയേഴ്സിന്റെ ആദ്യ ഇലവനില്‍ ഇടംനേടി. 4-3-3 എന്ന ഫോര്‍മേഷനില്‍ കളിച്ചിരുന്ന കണ്ണൂര്‍ വാരിയേഴ്സ് 3-4-3 എന്ന ഫോര്‍മേഷനിലേക്കു മാറി. 4-4-2 ഫോര്‍മേഷനില്‍ തൃശൂര്‍ മാജിക്ക് എഫ്സിയും രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. പ്രതിരോധത്തില്‍ മെയ്ല്‍സണ്‍ ആല്‍വസിനു പകരമായി ദേജന്‍ ഉസ്‌ലേക്കും മധ്യനിരയില്‍ ഇവാന്‍ മാര്‍ക്കോവിച്ചിനു പകരം ശങ്കറും ഇറങ്ങി.
19ാം മിനിറ്റില്‍ തന്നെ തൃശൂര്‍ മാജികിന്റെ പ്രതിരോധ താരം ഉസ്‌ലേ പരിക്കേറ്റ് പുറത്തു പോയി. പകരക്കാരനായി അലന്‍ ജോണെത്തി. ആദ്യ പകുതിയില്‍ ഇരുടീമിനും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയുടെ 57ാം മിനിറ്റില്‍ കണ്ണൂര്‍ വാരിയേഴ്‌സ് വലകുലുക്കി. ബോക്സിനു മുന്നില്‍ നിന്ന് പന്ത് സ്വീകരിച്ച ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ വലതു വിങ്ങിലൂടെ ഓടി ക്കയറിയ മുഹമ്മദ് സിനാന് നല്‍കി. വലതു കാലുകൊണ്ട് കൃത്യമായി പന്തൊതുക്കി. തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ധീനെ കാഴ്ചക്കാരനാക്കി ഉഗ്രന്‍ ഗോള്‍. 59ാം മിനിറ്റില്‍ കണ്ണൂരിനു വീണ്ടും അവസരം. രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയില്‍ നിന്ന് പന്ത് സ്വീകരിച്ച് ബോക്സിലേക്കു മുന്നേറിയ എബിന്‍ ദാസ് തൊടുത്ത ഉഗ്രന്‍ കിക്ക് തൃശൂര്‍ ഗോള്‍കീപ്പര്‍ കമാലുദ്ദീന്‍ തട്ടിയകറ്റി. 60ാം മിനിറ്റിലും 61ാം മിനിറ്റിലും കണ്ണൂരിന് വീണ്ടും അവസരങ്ങള്‍ ലഭിച്ചെങ്കിലും തൃശൂര്‍ ഗോള്‍ കീപ്പര്‍ രക്ഷകനായി. അസിയര്‍ ഗോമസിന്റെയും ലാവ്സാംബയുടെയും കിക്കാണ് തട്ടിയകറ്റിയത്. അധിക സമയത്ത് തൃശൂരിന്റെ മുന്നേറ്റതാരം ഇവാന്‍ ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. മല്‍സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ 90+7 മിനിറ്റില്‍ തൃശൂര്‍ ഗോള്‍ മടക്കി. പകരക്കാരനായി എത്തിയ അഫ്സല്‍ വലതു വിങ്ങില്‍ നിന്നു നല്‍കിയ ക്രോസില്‍ ബിബിന്‍ അജയന്‍ ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
ഈ മല്‍സരത്തോടെ സൂപ്പര്‍ ലീഗ് കേരളയിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ഇനി രണ്ടാം റൗണ്ടിലെ മല്‍സരങ്ങള്‍ക്ക് നവംബര്‍ ഒന്‍പതിന് തുടക്കമാകും. കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്‌സിയും ഫോഴ്‌സ കൊച്ചിയും തമ്മില്‍ ഞായറാഴ്ച ഏറ്റുമുട്ടും.

