സൂപര്‍ ലീഗ് കേരള: തൃശൂരും തിരുവനന്തപുരവും തമ്മിലുള്ള മല്‍സരം സമനിലയില്‍
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി
തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരവും സമനിലയില്‍ കലാശിച്ചു. എട്ടാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. കൊമ്പന്‍സിനു വേണ്ടി പൗളോ വിക്ടറും തൃശൂരിനു വേണ്ടി ഫൈസല്‍ അലിയും ഗോള്‍ നേടി. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. എട്ടു മല്‍സരങ്ങളില്‍ 14 പോയന്റുമായി തൃശൂര്‍ ടേബിളില്‍ രണ്ടാംസ്ഥാനത്താണ്. 11 പോയന്റുള്ള കൊമ്പന്‍സ് മൂന്നാം സ്ഥാനത്തുമാണ്.
അഞ്ചാം മിനിറ്റില്‍ തന്നെ തിരുവനന്തപുരം ഗോളടിച്ചു. ഷാഫിയില്‍ നിന്നു വന്ന പന്ത് തൃശൂരിന്റെ മുഹമ്മദ് ജിയാദിന് ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ ഓടിപ്പിടിച്ച പൗളോ വിക്ടര്‍ തൃശൂരിനായി ആദ്യ ഗോള്‍ നേടി. ലീഗില്‍ ബ്രസീലുകാരന്‍ നേടുന്ന രണ്ടാമത്തെ ഗോളാണിത്. 16ാം മിനിറ്റില്‍ തൃശൂര്‍ തിരിച്ചടിച്ചു. ഇവാന്‍ മാര്‍ക്കോവിച്ചിന്റെ പാസ് കെവിന്‍ ജാവിയര്‍ നീക്കി നല്‍കിയപ്പോള്‍ ഫൈസല്‍ അലി ഫസ്റ്റ് ടൈം ടച്ചില്‍ പന്ത് വലയിലാക്കിയതോടെ തൃശൂര്‍ സമനില പിടിച്ചു. തിരുവനന്തപുരത്ത് നടന്ന ആദ്യപാദ മല്‍സരത്തില്‍ തൃശൂര്‍ ഒരു ഗോളിന് കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു.
നവംബര്‍ 23 ഞായറാഴ്ച എട്ടാം റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി, ഫോഴ്സ കൊച്ചി എഫ്‌സിയെ നേരിടും. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.