സൂപ്പര്‍ ലീഗ് കേരള; രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം, പോയിന്റ് തേടി ഫോഴ്‌സ കൊച്ചി കാലിക്കറ്റ് എഫ്‌സിക്കെതിരേ
എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മല്‍സരം
കൊച്ചി: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ടീമുകള്‍ തമ്മിലുള്ള രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കളിച്ച അഞ്ചു മല്‍സരങ്ങളിലും തോല്‍വിയേറ്റുവാങ്ങിയ പ്രഥമ സീസണിലെ റണ്ണറപ്പായ ഫോഴ്‌സ കൊച്ചിക്ക് ഈ മല്‍സരം നിര്‍ണായകമാണ്. മൂന്നു വിദേശികള്‍ ഉള്‍പ്പെടെ നാലു പുതിയ താരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഫോഴ്‌സ കൊച്ചി മല്‍സരത്തിനെത്തുന്നത്. ഇന്നു വൈകീട്ട് 7.30ന് ഹോം ഗ്രൗണ്ടായ എറണാകുളം മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ കാലിക്കറ്റ് എഫ്‌സിയാണ് എതിരാളികള്‍.
വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പലരും പരിക്കിന്റെ പിടിയിലാണെന്നത് ടീമിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഇതിനെ മറികടക്കാനാണ് പുതിയ താരങ്ങളെ കൊണ്ടുവന്നത്. രണ്ടു സ്പാനിഷ് താരങ്ങളും ഒരു ഉഗാണ്ടന്‍ താരവും ഉള്‍പ്പെടെയാണ് ടീമിലെത്തുന്നത്. ഗുരുതര പരിക്കു പറ്റിയ താരങ്ങള്‍ക്കു പകരമായി ഉഗാണ്ടന്‍ മുന്നേറ്റ താരം അമോസ്, സ്പാനിഷ് മധ്യനിര താരം മാര്‍ക്ക് വര്‍ഗസ്, സ്പാനിഷ് പ്രതിരോധ താരം എന്‍ട്രികെ, മലയാളി അണ്ടര്‍ 23 വിങ്ങര്‍ അഭിത് എന്നിവരാണ് പുതിയ സൈനിങ്ങിലൂടെ ഫോഴ്‌സ കൊച്ചി എത്തുന്നത്.
സ്പാനിഷ് താരങ്ങളായ ഐക്കര്‍ ഹെര്‍ണാണ്ടസ്, റാമോണ്‍ ഗാര്‍ഷ്യ, മലയാളി താരം പി ജി ഷ്ണു എന്നിവര്‍ക്ക് സാരമായ പരിക്കുകളോടെ ശസ്ത്രക്രിയ ചെയ്യേണ്ട സാഹചര്യമാണുള്ളത്. കൂടാതെ മുന്നേറ്റ താരം നിജോ ഗില്‍ബര്‍ട്ട്, ബ്രസീല്‍ താരം ഡഗ്ലാസ് ടാര്‍ഡിന്‍ എന്നിവരും കളിക്കാനാവാത്തവിധം പരിക്കിന്റെ പിടിയിലാണ്. ഒപ്പം റെഡ് കാര്‍ഡു വാങ്ങിയ ഗിഫ്റ്റി ഗ്രേഷ്യസിനും പുറത്തിരിക്കേണ്ടിവരും.
അഞ്ചുമല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ കാലിക്കറ്റ് എഫ്‌സി എട്ടു പോയന്റുമായി നാലാം സ്ഥാനത്താണ്. ഉദ്ഘാടന മല്‍സരത്തിലേറ്റ തോല്‍വിക്ക് പകരംവീട്ടാനും പോയന്റ് പട്ടികയില്‍ ഇടംപിടിക്കാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഫോഴ്‌സ കൊച്ചി ലക്ഷ്യമിടുന്നത്. മല്‍സരം ഡിഡി മലയാളത്തിലും sports.comലും തല്‍സമയം സംപ്രേഷണം ചെയ്യും.
