സൂപർ ലീഗ് കേരള താരം കമാലുദ്ദീൻ എ കെ ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ ഇടം നേടി
തൃശൂര്‍ മാജിക് എഫ്‌സി താരം കമാലുദ്ധീന്‍ എ കെ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംഘം തായ്ലാന്റിലേക്കു തിരിച്ചു
തൃശൂര്‍: സൂപർ ലീഗ് കേരള ടീം തൃശൂര്‍ മാജിക് എഫ്‌സി താരം കമാലുദ്ദീൻ എ കെ ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍. തായ്ലന്‍ഡിനെതിരേയുള്ള സൗഹൃദ മല്‍സരത്തിനുള്ള സംഘത്തിലാണ് തൃശൂര്‍ അക്കിക്കാവ് സ്വദേശിയായ കമാലുദ്ദീൻ ഇടം നേടിയത്. 21 കാരനായ കമാലുദ്ദീൻ മികച്ച പ്രകടനമാണ് സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണില്‍ ഇതുവരെ നടത്തിയിട്ടുള്ളത്. തൃശൂരിന്റെ അഞ്ചു മല്‍സരങ്ങളിലും ഗോള്‍വല കാക്കാനിറങ്ങിയ കമാലുദ്ധീന്‍ മൂന്നു ക്ലീന്‍ ഷീറ്റുകള്‍ നേടി ലീഗിലെ മികച്ച ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ്.
സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണില്‍ നിറം മങ്ങിയ തൃശൂര്‍ മാജിക് എഫ്‌സി ഇത്തവണ ഐഎസ്എല്ലിലും ഐലീഗിലും പരിശീലിപ്പിച്ചിട്ടുള്ള റഷ്യന്‍ പരിശീലകന്‍ ആന്‍ഡ്രെ ചെര്‍ണിഷോവിന്റെ കീഴിലാണ് ഇറങ്ങുന്നത്. ടീമില്‍ ഐഎസ്എല്‍ താരം ലക്ഷ്മികാന്ത് കട്ടിമണി ഉണ്ടായിട്ടുപോലും കളിച്ച അഞ്ചു മല്‍സരത്തിലും ഗോള്‍ വല കാക്കനായി ചേര്‍നിഷോവ് നിയോഗിച്ചത് യുവ ഗോള്‍കീപ്പറായ കമാലുദ്ദീനെ യാണ്.സൂപർ ലീഗ് കേരളയില്‍ നിന്ന് ആദ്യമായാണ് ഒരു താരം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കേരളത്തിലെ യുവ താരങ്ങള്‍ക് മികച്ച വേദിയൊരുക്കി ദേശീയ തലത്തിലേക്കെത്തിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ ആരംഭിച്ച സൂപർലീഗ് കേരള, ലീഗിന്റെ രണ്ടാം പതിപ്പില്‍ തന്നെ യുവ താരത്തെ ദേശീയ ടീമിലെത്തിക്കാനായി. 'വളരെ അഭിമാനം തോന്നുന്ന ദിവസമാണിന്ന്. സൂപ്പര്‍ ലീഗ് കേരളയില്‍ നിന്ന് ഒരു താരം ദേശീയ ടീമിലെത്തുകയെന്നു പറയുന്നത് സൂപർ ലീഗിന്റെ വിജയമാണ്' സൂപർ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.
കമാലുദ്ദീൻ എഫ്‌സി കേരളക്കായും, ഈസ്റ്റ് ബംഗാള്‍ റിസര്‍വ് ടീമിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. സൂപർ ലീഗ് കേരളയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ അണ്ടര്‍ 23 സാധ്യത പട്ടികയിലേക്കും, അവിടെനിന്ന് മുഖ്യ ടീമിലേക്കും കമാലുദ്ദീൻ വഴിയൊരുക്കിയത്. 'എന്റെ എക്കാലത്തെയും സ്വപനമാണ് ദേശീയ ടീമിനായി കളിക്കുകയെന്നത്. ഈ അവസരത്തില്‍ എന്റെ ക്ലബായ തൃശൂര്‍ മാജിക് എഫ്‌സിക്കും സൂപ്പര്‍ ലീഗ് കേരളയോടും ഞാന്‍ നന്ദി അറിയിക്കുന്നു' കമാലുദ്ധീന്‍ പറഞ്ഞു. കമാലുദ്ദീൻ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംഘം മുഖ്യ പരിശീലകന്‍ നൗഷാദ് മൂസയുടെ നേതൃത്വത്തില്‍ തായ്ലാന്റിലേക്കു തിരിച്ചു.
