സൂപര്‍ ലീഗ് കേരള; തൃശൂര്‍ മാജിക്കിനു മുന്നില്‍ മലപ്പുറത്തിന് സീസണിലെ ആദ്യ തോല്‍വി
തൃശൂര്‍ മാജിക്ക് എഫ്‌സി ഒന്നാം സ്ഥാനത്ത്
തൃശൂര്‍: സൂപര്‍ ലീഗ് കേരള രണ്ടാം സീസണില്‍ മലപ്പുറം എഫ്‌സിക്ക് ആദ്യ തോല്‍വി. തൃശൂര്‍ മാജിക് എഫ്‌സിയാണ് ഒന്നിനെതിരേ രണ്ടുഗോളിന് മലപ്പുറത്തെ തോല്‍പ്പിച്ചത്. ഈ ജയത്തോടെ സൂപ്പര്‍ ലീഗ് കേരളയുടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു കയറി തൃശൂര്‍ മാജിക് എഫ്‌സി. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. ഇവാന്‍ മാര്‍ക്കോവിച്ച്, എസ് കെ ഫയാസ് എന്നിവര്‍ തൃശൂരിനായും ജോണ്‍ കെന്നഡി മലപ്പുറത്തിനായും ലക്ഷ്യം കണ്ടു. ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ആറു റൗണ്ട് മല്‍സരം പൂര്‍ത്തിയാവുമ്പോള്‍ 13 പോയന്റുമായി തൃശൂര്‍ ഒന്നാം സ്ഥാനത്താണ്. ഒന്‍പതു പോയന്റുള്ള മലപ്പുറം മൂന്നാമതാണ്.
മല്‍സരം തുടങ്ങി ആറാം മിനിട്ടില്‍ തന്നെ ബിബിന്‍ അജയന്റെ അസിസ്റ്റില്‍ ഇവാന്‍ മാര്‍ക്കോവിച്ച് തൃശൂരിന് ലീഡ് നേടിക്കൊടുത്തു. വെറും രണ്ടു മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ജോണ്‍ കെന്നഡിയിലൂടെ മലപ്പുറം തിരിച്ചടിച്ചു. സൂപ്പര്‍ ലീഗില്‍ ബ്രസീലുകാരന്റെ അഞ്ചാം ഗോളാണിത്. ഇരുപത്തിയേഴാം മിനുട്ടില്‍ വീണ്ടും തൃശൂരിന്റെ ഗോള്‍. ബിബിന്‍ അജയന്റെ വലതു വിങില്‍ നിന്നുള്ള ക്രോസ് ഹെഡ്ഡ് ചെയ്ത് മലപ്പുറത്തിന്റെ വലകുലുക്കിയത് എസ് കെ ഫയാസ്.
രണ്ടാം പകുതിയില്‍ മൂന്നു മാറ്റങ്ങളുമായാണ് മലപ്പുറം എഫ്‌സി തുടങ്ങിയത്. അഖില്‍ പ്രവീണ്‍, ഇഷാന്‍ പണ്ഡിത, അബ്ദുല്‍ ഹക്കു എന്നിവര്‍ കളത്തിലിറങ്ങി. 60ാം മിനുട്ടില്‍ മലപ്പുറം ക്യാപ്റ്റന്‍ എയ്റ്റര്‍ ആല്‍ഡലിര്‍ പരിക്കേറ്റു മടങ്ങി. പകരമെത്തിയത് സ്പാനിഷ് താരം ഫക്കുണ്ടോ ബല്ലാര്‍ഡോ. രണ്ടാം പകുതിയില്‍ ആധിപത്യം നേടാന്‍ മലപ്പുറത്തിനു കഴിഞ്ഞെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല. സീസണിലെ ആദ്യ മല്‍സരത്തില്‍ മലപ്പുറത്തോനോട് നേരിട്ട തോല്‍വിക്ക് തൃശൂര്‍ സ്വന്തം ഗ്രൗണ്ടില്‍ പകരം വീട്ടുന്നത് കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തിയത്.
ഇന്നു നടക്കുന്ന ഏഴാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയെ നേരിടും. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മല്‍സരം. കളിച്ച ആറു മല്‍സരങ്ങളും പരാജയപ്പെട്ട കൊച്ചിക്ക് സെമി ഫൈനല്‍ കളിക്കണമെങ്കില്‍ തിരുവനന്തപുരത്തിനെതിരേ വന്‍ മാര്‍ജിനില്‍ വിജയിക്കുകയും ഇനിയുള്ള മല്‍സരങ്ങളെല്ലാം നിര്‍ണായകമാണ്. അതേസമയം മോശം പ്രകടനത്തെ തുടര്‍ന്ന് ഫോഴ്‌സ കൊച്ചി മുഖ്യ പരിശീലകനെ പുറത്താക്കിയിരുന്നു.
