സൂപ്പർ ലീഗ് കേരള; റോയ് കൃഷ്ണയിലൂടെ മലപ്പുറം എഫ് സി തുടങ്ങി

തൃശൂർ മാജിക് എഫ്സിയെ ഒരുഗോളിന് തോൽപ്പിച്ചു

Update: 2025-10-04 04:51 GMT

മഞ്ചേരി: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ്സിക്ക് വിജയ തുടക്കം. സ്വന്തം തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്.

ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇരുടീമുകളുടെ ഭാഗത്തുനിന്നും വന്നില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കം മുതൽ മലപ്പുറം മുന്നേറ്റത്തിന് മൂർചകൂട്ടി.

എഴുപത്തിരണ്ടാം മിനിറ്റിൽ കോർണർ കിക്കിനിടെ മലപ്പുറം താരം അബ്ദുൽ ഹക്കുവിനെ സെന്തമിഴ് ഫൗൾ ചെയ്‌തതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഐ എസ് എൽ മുൻ ഗോൾഡൻ ബൂട്ട് ജേതാവായ റോയ് കൃഷ്ണ ലക്ഷ്യം കണ്ടു.

മലപ്പുറത്തിൻ്റെ ഗോകീപ്പർ അസ്ഹറിന്റെ മികച്ച സേവുകൾ ടീമിന് ഗുണം ചെയ്തു. അവസാന മിനിറ്റുകളിൽ നന്നായി പ്രതിരോധിച്ച മലപ്പുറത്തിന് സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ ജയം ഉറപ്പിക്കാനായി.

ഞായറാഴ്ച നടക്കുന്ന മൽസരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി കണ്ണൂർ വാരിയേഴ്സ് എഫ്‌സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം.

Tags: