സൂപര്‍ ലീഗ് കേരള; പരിശീലകന്‍ മിഗ്വേല്‍ കോറല്‍ ടൊറൈറയെ പുറത്താക്കി മലപ്പുറം എഫ്‌സി

Update: 2025-11-22 09:26 GMT

മലപ്പുറം: മുഖ്യ പരിശീലകന്‍ മിഗ്വേല്‍ കോറല്‍ ടോറീറയെ മാറ്റിയതായി മലപ്പുറം എഫ്സി. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ക്ലബ്ബിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തന്റെ കാലയളവില്‍ ടീമിനു വേണ്ടി നല്‍കിയ എല്ലാ പരിശ്രമങ്ങള്‍ക്കും ക്ലബ് മാനേജ്‌മെന്റ് മിഗ്വേലിനോട് നന്ദി അറിയിച്ചു.

ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനുള്ള മിഗ്വേലിന്റെ ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണ്. കളിക്കളത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടും അദ്ദേഹത്തിന്റെ ജോലിയോടുള്ള പ്രതിബദ്ധതയിലും അഭിനിവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മിഗ്വേലിന്റെ ഭാവി പരിശീലക ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു. മികച്ച താരനിര ഉണ്ടായിട്ടും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ മലപ്പുറം എഫ്‌സിക്ക് സാധിച്ചിരുന്നില്ല.

പോയിന്റ് ടേബിളില്‍ നിലവില്‍ നാലാം സ്ഥാനത്താണ് മലപ്പുറം എഫ്സി. ഏഴു മല്‍സരങ്ങളില്‍ നിന്ന് രണ്ടു ജയവും നാലു സമനിലയും ഒരു തോല്‍വിയുമായി പത്തു പോയിന്റാണ് മലപ്പുറത്തിനുള്ളത്. ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല.