സൂപര്‍ ലീഗ് കേരള; കൊച്ചിയെ വീഴ്ത്തി മലപ്പുറം സെമിയില്‍, ഹാട്രിക്കുമായി ജോണ്‍ കെന്നഡി
കാലിക്കറ്റ്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവരാണ് സെമിയില്‍ ഇടം നേടിയത്
മഞ്ചേരി: സൂപര്‍ ലീഗ് കേരള രണ്ടാം സീസണിലെ അവസാന മല്‍സരത്തില്‍ മലപ്പുറം എഫ്‌സിക്ക് ജയം. ഇതോടെ മലപ്പുറം എഫ്‌സി സെമിഫൈനലില്‍ പ്രവേശിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേയിയത്തില്‍ നടന്ന മല്‍സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് മലപ്പുറം സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഫോഴ്സ കൊച്ചിക്കെതിരേ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷം നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് മലപ്പുറം വിജയവും സെമി ബെര്‍ത്തും സ്വന്തമാക്കിയത്. ഇതോടെ സൂപര്‍ ലീഗ് കേരളയുടെ സെമി ഫൈനലിന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മലപ്പുറം എഫ്‌സി മാറി. ഹാട്രിക് നേടിയ ബ്രസീലിയന്‍ താരം ജോണ്‍ കെന്നഡിയാണ് മലപ്പുറത്തെ സെമിയിലേക്കു നയിച്ചത്. മലപ്പുറത്തിനു വേണ്ടി ഇഷാന്‍ പണ്ഡിതയും സ്‌കോര്‍ ചെയ്തു. അഭിത്ത്, റൊമാരിയോ ജെസുരാജ് എന്നിവരാണ് കൊച്ചിക്കു വേണ്ടി ഗോള്‍ കണ്ടെത്തിയത്.
മലപ്പുറത്തിനെതിരേ കളിയുടെ ഒന്‍പതാം മിനിറ്റില്‍ തന്നെ കൊച്ചി ഗോള്‍ നേടി. ഇടതു വിങിലൂടെ മുന്നേറി അണ്ടര്‍ 23 താരം അഭിത്ത് എടുത്ത ഷോട്ട് മലപ്പുറം താരം ഇര്‍ഷാദിന്റെ മേലില്‍ തട്ടി പോസ്റ്റില്‍ കയറുകയായിരന്നു. 26ാം മിനിറ്റില്‍ കൊച്ചി ലീഡ് രണ്ടാക്കി ഉയര്‍ത്തി. അമോസ് കൊടുത്ത പന്തില്‍ റൊമാരിയോ ജെസുരാജിന്റെ ഫിനിഷ്. ഏഴു മിനിറ്റിനകം മലപ്പുറം ഒരു ഗോള്‍ തിരിച്ചടിച്ചു. ക്യാപ്റ്റന്‍ ഫസലുവിന്റെ പാസ് ജോണ്‍ കെന്നഡി ഇടങ്കാല്‍ ഷോട്ടിലൂടെ ഗോളാക്കി മാറ്റി. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് കൊച്ചി ഡിഫണ്ടര്‍ റിജോണിന്റെ പിഴവ് മുതലെടുത്ത ജോണ്‍ കെന്നഡി സ്‌കോര്‍ സമനിലയിലാക്കി. രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനകം മലപ്പുറം വീണ്ടും സ്‌കോര്‍ ചെയ്തു. ഇടതു വിങില്‍ നിന്നുള്ള ടോണിയുടെ ക്രോസിലേക്ക് ചാടിവീണ ജോണ്‍ കെന്നഡി ഹാട്രിക്ക് ഗോളിലൂടെ ടീമിന് ലീഡു നല്‍കി. ലീഗില്‍ എട്ടു ഗോളുമായി കെന്നഡി ടോപ് സ്‌കോറര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു. ഹാട്രിക്ക് പൂര്‍ത്തിയാക്കിയ ഉടനെ ജോണ്‍ കെന്നഡി പരിക്കേറ്റു മടങ്ങി. 88ാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിത മലപ്പുറത്തിന്റെ പട്ടിക പൂര്‍ത്തിയാക്കി.
ലീഗ് റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ കാലിക്കറ്റ് എഫ്‌സി 23 പോയിന്റ്, തൃശൂര്‍ മാജിക് എഫ്‌സി 17 പോയിന്റ്, മലപ്പുറം എഫ്‌സി 14 പോയിന്റ്, കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി 13 പോയിന്റ് എന്നിവരാണ് സെമിയില്‍ ഇടം നേടിയത്. തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി 12 പോയിന്റ്, ഫോഴ്സ കൊച്ചി എഫ്‌സി മൂന്ന് പോയിന്റ് എന്നീ ടീമുകള്‍ പുറത്തായി. എറണാകുളത്ത് നടന്ന ആദ്യപാദത്തില്‍ മലപ്പുറം ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് കൊച്ചിയെ തോല്‍പ്പിച്ചിരുന്നു. ഞായറാഴ്ച ഒന്നാം സെമിയില്‍ തൃശൂര്‍ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സിയെയും ബുധനാഴ്ച്ച രണ്ടാം സെമിയില്‍ കാലിക്കറ്റ് എഫ്‌സി കണ്ണൂര്‍ വാരിയേഴ്‌സിനെയും നേരിടും. ഒന്നാം സെമിക്ക് തൃശൂരും രണ്ടാം സെമിക്ക് കോഴിക്കോടുമാണ് വേദിയാവുക. ഫൈനല്‍ ഡിസംബര്‍ 14ന് കോഴിക്കോട്ട് നടക്കും.

