സൂപര്‍ ലീഗ് കേരള; കോഴിക്കോട്ട് ഇന്ന് മലബാര്‍ ഡെര്‍ബി
കാലിക്കറ്റ് എഫ്‌സി-മലപ്പുറം എഫ്‌സി മല്‍സരം ഇന്ന് വൈകീട്ട് 7.30ന് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് മലബാര്‍ ഡെര്‍ബി. കാലിക്കറ്റ് എഫ്‌സി-മലപ്പുറം എഫ്‌സി പോരാട്ടത്തിന്റെ രണ്ടാം പാദം ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30ന് നടക്കും. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 3-3 സമനിലയില്‍ കലാശിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് എഫ്സിയെ കിരീടത്തിലേക്കു നയിച്ച ജോണ്‍ കെന്നഡി അബ്ദുല്‍ ഹക്കു, ഗനി നിഗം, എന്നീ സൂപ്പര്‍ താരങ്ങള്‍ ഇത്തവണ മലപ്പുറത്തിന്റെ തട്ടകത്തിലാണ്. അതേസമയം, മലപ്പുറം എഫ്‌സി തങ്ങളുടെ മുഖ്യപരിശീലകനുമായി കഴിഞ്ഞ ദിവസം വേര്‍പിരിഞ്ഞിരുന്നു. ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള മലപ്പുറത്തിന്റെ ബ്രസീലിയന്‍ താരം കെന്നഡിയും കാലിക്കറ്റിന്റെ യുവതാരം അജ്‌സലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നുവെന്നതും ഈ ഡെര്‍ബിയുടെ പ്രത്യേകതയാണ്. രണ്ടു പേരും ഏഴു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളടിച്ച് ഒപ്പത്തിനൊപ്പമാണ്.
നിലവില്‍ ലീഗ് ടേബിളില്‍ ഒന്നാമതാണ് കാലിക്കറ്റ്. ഏഴു മല്‍സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് അവര്‍ക്കുള്ളത്. മലപ്പുറമാകട്ടെ ഏഴു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റോടെ നാലാം സ്ഥാനത്താണുള്ളത്. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ മലപ്പുറത്തിന് വരുന്ന എല്ലാ കളിയിലും ജയിച്ചേ മതിയാകു. തങ്ങളുടെ ചിരവൈരികളായ കാലിക്കറ്റിനെതിരേ മലപ്പുറത്തിന് ഇതുവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കാലിക്കറ്റിനായിരുന്നു മുന്‍തൂക്കം. ഹോമിലും എവേയിലും കാലിക്കറ്റ് എഫ്സി മലപ്പുറത്തെ പരാജയപ്പെടുത്തിയിരുന്നു. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും മൊബൈലില്‍ sports.com ലും തല്‍സമയം സംപ്രേഷണം നടക്കും.
